തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളെ പൊലീസ് പിടികൂടി. പ്രധാന പ്രതിയായ മണിക്കുട്ടന്‍ ഉള്‍പ്പെടെ ആറുപേരെയാണ് പൊലീസ് പിടികൂടിയത്. അക്രമികള്‍ സഞ്ചരിച്ചെന്ന് കരുതുന്ന മൂന്ന് ബൈക്കുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരം കളളിക്കാടിന് സമീപം പുലിപ്പാറയില്‍ നിന്നാണ് ബൈക്കുകള്‍ കസ്റ്റഡിയില്‍ എടുത്തത്. ഗിരീഷ്, മണിക്കുട്ടന്‍, പ്രമോദ് എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം. ഇവരടക്കം ആറുപേരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ മണിക്കുട്ടന്‍ കാപ്പാ നിയമപ്രകാരം ജയിലിലായിരുന്നു. കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു
തിരുവനന്തപുരത്ത് നടന്ന ആക്രമണ സംഭവങ്ങളുമായി ബന്ധപ്പെട്ട് വ്യാജ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും വ്യാജ വീഡിയോ പ്രചരിച്ചിരുന്നു. സമൂഹ മാധ്യമങ്ങളിലെ ഇത്തരം നടപടികള്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. പ്രകോപനപരമായ ദൃശ്യങ്ങളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. പലയിടത്തും പ്രതിഷേധങ്ങളെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു ആര്‍എസ്എസ് ശാഖ കാര്യവാഹക് ആയിരുന്ന രാജേഷ് കൊല്ലപ്പെടുന്നത്. ബൈക്കിലും ഓട്ടോറിക്ഷയിലുമായെത്തിയ 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. വിനായക നഗറിലെ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങവെയാണ് ആക്രമണം. കടയുടെ മുന്നിലിട്ട് യുവാവിനെ വെട്ടിയ സംഘം കൈ വെട്ടിയെടുത്ത് അടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. ഇരുകാലുകളിലും ശരീരത്തിലും വെട്ടേറ്റ് കിടന്ന രാജേഷിനെ നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ശ്രീകാര്യം പൊലീസാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഘര്‍ഷ സാധ്യത പരിഗണിച്ച് തിരുവനന്തപുരം ജില്ലയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശ്രീകാര്യത്ത് സിറ്റിപൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള സംഘം ക്യാംപ് ചെയ്യുന്നുണ്ട്.
അതേസമയം സംസ്ഥാനമെമ്പാടും അക്രമ സാധ്യത കണക്കിലെടുത്ത് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തേണ്ടെന്ന് ഔദ്യോഗികമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലത്ത് സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിനുനേരെ കല്ലേറുണ്ടായി. കൊല്ലം കാവനാട് പൂവന്‍പുഴ കുരിശുമൂടിന് സമീപം ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്നു യുവാക്കള്‍ ബസിനുനേരെ കല്ലെറിയുകയായിരുന്നു. ബസ് ഡ്രൈവര്‍ ശ്രീകുമാറിന് പരുക്കേറ്റു. ബസില്‍ 30 യാത്രക്കാരുണ്ടായിരുന്നു. ഇവരെ കൊല്ലത്ത് ഇറക്കി.
കൊച്ചിയില്‍ ചിലയിടങ്ങളില്‍ തുറന്നു പ്രവര്‍ത്തിച്ച പെട്രോള്‍ പമ്പുകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. ശനിയാഴ്ച അര്‍ധരാത്രിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ ദീര്‍ഘദൂരയാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ബസ് സ്റ്റാന്റുകളിലും റയില്‍വേസ്റ്റേഷനിനും യാത്രക്കാരുടെ തിരക്കാണ്. പലരും ഇന്നു രാവിലെയാണ് ഹര്‍ത്താലിന്റെ വിവരം അറിഞ്ഞത്. അക്രമസാധ്യത കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് ആക്രമണം ഉണ്ടായത്. കൈയ്ക്കും കാലിനും മുഖത്തും ഗുരുതരമായി വെട്ടേറ്റ രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആക്രമണത്തില്‍ രാജേഷിന്റെ കൈപ്പത്തി പൂര്‍ണമായും അറ്റുപോയിരുന്നു. രാത്രിയില്‍ ശാഖ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം ഉണ്ടായത്.
കടയില്‍ സാധനം വാങ്ങാന്‍ കയറിയ രാജേഷിനെ ഒരു സംഘം ബൈക്കിലെത്തി ആക്രമിക്കുകയായിരുന്നു. വെട്ട് തടയാന്‍ ശ്രമിക്കുമ്പോഴാണ് കൈപ്പത്തിക്ക് വെട്ടേറ്റത്. തുടര്‍ന്ന് മുഖത്തും കയ്യിലും കാലിലും വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രാജേഷിനെ ആദ്യം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് ബിജെപി ആരോപിച്ചു. സംഭവത്തില്‍ സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here