കൊച്ചി: നിത്യോപയോഗസാധനങ്ങള്‍ ഇനി ചുളുവിലയ്ക്കു ലഭിക്കുമെന്നായിരുന്നു ഇന്ത്യയില്‍ ചരക്കുസേനവ നികുകി വരുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍ ജി.എസ്.ടി നിലവില്‍ വന്ന് ഒരു മാസം തികയുമ്പോഴും ആശയക്കുഴപ്പം തുടരുന്നു. സാധനങ്ങളുടെ വില ഇനിയും കുറഞ്ഞുതുടങ്ങിയില്ല. ഇനിയും വിലകുറച്ചില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. ജി.എസ്.ടി മൂലം സംസ്ഥാനത്തെ ചെറുകിട ഉല്‍പാദനമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ശനിയാഴ്ച ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ധനമന്ത്രി ഉന്നയിക്കും

പഴയ സ്റ്റോക്ക് വില്‍ക്കുന്നതിനാല്‍ വിലകുറയ്ക്കാനാവില്ലെന്നാണ് വ്യാപാരികളും കമ്പനികളും പറയുന്നത്. വാഹനങ്ങള്‍ പോലെ വിരലിലെണ്ണാവുന്ന ഉല്‍പന്നങ്ങളുടെ മാത്രമാണ് വില കുറഞ്ഞത്. ബാങ്കിങ്, ഇന്‍ഷുറന്‍സ്, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയ സേവനങ്ങളുടെ നികുതിവര്‍ധന ഉടനടി പ്രാബല്യത്തിലായത് ജീവിതചെലവ് ഉയര്‍ത്തി. വ്യാപാരികളില്‍ നിന്ന് ജി.എസ്.ടിക്കെതിരെ കാര്യമായ എതിര്‍പ്പുയരുന്നില്ല. സംസ്ഥാനത്ത് പ്രതീക്ഷിച്ചതിലും കൂടുതല്‍ വ്യാപാരികള്‍ റജിസ്‌ട്രേഷന്‍ എടുക്കുന്നുണ്ട്.

എന്നാല്‍ ഈ മാസം തീരുന്നതോടെ റിട്ടേണ്‍ സ്വീകരിക്കാന്‍ ജി.എസ്.ടി.എന്‍ സജ്ജമാകുമോ എന്ന് സംശയമുണ്ട്. സോഫ്‌റ്റ്വെയര്‍ ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. എച്ച്.എസ്.എന്‍ കോഡുമായി ബന്ധപ്പെട്ട ആശയക്കുഴപ്പവും വ്യാപകമാണ്, പ്രത്യേകിച്ച് ടെക്സ്റ്റയില്‍ മേഖലയില്‍. സിന്തറ്റിക് നൂലിന് 18 ശതമാനവും അതുപയോഗിച്ച് നിര്‍മിക്കുന്ന തുണിക്ക് അഞ്ചുശതമാനവുമാണ് നികുതി. ജി.എസ്.ടിയില്‍ കോഡ് ചെയ്യാത്ത ഉല്‍പന്നങ്ങളുടെ നികുതി യാന്ത്രികമായി 18 ശതമാനമാക്കി. വഞ്ചിവീടിന്റെ നികുതി അങ്ങനെ 18 ശതമാനമായത് വിനോദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായി. ഇതും ഹോട്ടല്‍ ഭക്ഷണത്തിന്റെ നികുതിയും കുറയ്ക്കണം.

നികുതി കൂടിയത് സംസ്ഥാനത്തെ ചെറുകിട ഉല്‍പാദനമേഖലയെ കാര്യമായി ബാധിച്ചു. ഇത് മറികടക്കാന്‍ ഹോളോബ്രിക്‌സ്, പ്ലൈവുഡ്, ആയുര്‍വേദം, സോപ്പ്, ഉണക്കമീന്‍ എന്നിവയുടെ നികുതി കുറയ്ക്കണമെന്നും കേരളം ആവശ്യപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here