കൊച്ചി: നടിയെ ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപിനെതിരേ പോലീസ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. ജാമ്യത്തിനായി ദിലീപ് നിയമപോരാട്ടം തുടങ്ങിയ സാഹചര്യത്തില്‍ സ്വഭാവിക ജാമ്യത്തിനുള്ള പഴുതുകള്‍ അടയ്ക്കുകയാണ് ലക്ഷ്യം. നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പ്രതികള്‍ സംഘടിതമായി ഒളിപ്പിച്ച സാഹചര്യത്തില്‍ ഈ നിര്‍ണായക തൊണ്ടിമുതല്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണു പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.

കേസിലെ മുഖ്യപ്രതിയായ സുനില്‍കുമാര്‍ (പള്‍സര്‍ സുനി), ഇയാള്‍ ഫോണ്‍ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ പ്രതി അഡ്വ. രാജു ജോസഫ്, നടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം നേരിടുന്ന പ്രതി നടന്‍ ദിലീപ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഫോണ്‍ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിട്ടും തൊണ്ടിമുതലിനെക്കുറിച്ചു വിവരം ലഭിച്ചില്ല. ഇതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പ്രോസിക്യൂഷന്‍ കേസ് ദുര്‍ബലമാവുമെന്ന ചിന്തയിലാണു പ്രതികള്‍ സംഘടിതമായി തൊണ്ടി മുതല്‍ ഒളിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.

എന്നാല്‍, കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കാനാണു പൊലീസിന്റെ ശ്രമം. മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടു കുറ്റപത്രം താമസിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശമെന്നാണു സൂചന. കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും ക്രിമിനല്‍ നടപടി ചട്ടത്തില്‍ വകുപ്പുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here