ന്യൂഡെല്‍ഹി: തോമസ് ചാണ്ടി വിഷയത്തിൽ സിപിഐഎമ്മിനെതിരെ മേൽക്കൈ നേടിയ ഘട്ടത്തിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കിയ മുൻ എംപി കെ.ഇ. ഇസ്മായിലിനെതിരെ  കടുത്ത നടപടി വേണ്ടെന്ന് തീരുമാനം.ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവിന്റേതാണ് തീരുമാനം. ഇസ്മായില്‍ വിഷയം അടഞ്ഞ അധ്യായമെന്ന്  പാര്‍ട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് തന്നെ പരിഹരിക്കാവുന്ന വിഷയമാണ്. വേണമെങ്കില്‍ ജനുവരി 8ന് ചേരുന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎമ്മുമായുള്ള പ്രശ്‌നം കേരളത്തില്‍ തന്നെ പരിഹരിക്കുമെന്നും സുധാകര്‍ റെഡ്ഡി പറഞ്ഞു.

അതേ സമയം തനിക്ക് നാക്ക് പിഴച്ചതാണെന്ന് കെ ഇ ഇസ്മായില്‍ ദേശീയ സെക്രട്ടേറിയേറ്റില്‍ പറഞ്ഞു. ഇനി തെറ്റ് ആവര്‍ത്തക്കരുതെന്ന് എക്‌സിക്യൂട്ടീവ് താക്കീത് ചെയ്തു.

താന്‍ നേതൃത്വത്തിന്റെ നിലപാടിനെതിരെ സംസാരിച്ചില്ലെന്നും തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും ഇസ്മായില്‍ നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ കണ്ട് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.

തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മ്മാണത്തിന് എം.പി ഫണ്ട് അനുവദിച്ചത് പാര്‍ട്ടി ശുപാര്‍ശ ചെയ്തിട്ടാണെന്നായിരുന്നു കെ.ഇ.ഇസ്മായില്‍ പറഞ്ഞത്. സിപിഐ ലോക്കല്‍, മണ്ഡലം, ജില്ലാ സെക്രട്ടറിമാരുടെ ശുപാര്‍ശ കത്തോടുകൂടിയുള്ള അപേക്ഷ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പുരുഷോത്തമനാണ് തനിക്ക് നല്‍കിയതെന്നും അതിനാണ് ഫണ്ട് അനുവദിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇസ്മായില്‍ പറഞ്ഞു. ചാണ്ടിയുടെ റിസോര്‍ട്ടില്‍ ഇതുവരെ പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോമസ് ചാണ്ടിക്കെതിരെ ശക്തമായി എതിര്‍ക്കുന്ന സിപിഐയെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ഇസ്മായിലിന്റെ തുറന്നുപറച്ചില്‍.

സംഘടനാപരമായ അറിവില്ലായ്മയാണ് ഇസ്മയിലിനെന്ന് അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞിരുന്നു. ഇസ്മയിലിന്റെ വിമര്‍ശനം ജാഗ്രത കുറവ് മൂലമാണന്നും പ്രകാശ് ബാബു പറഞ്ഞിരുന്നു. ദേശീയ എക്സിക്കുട്ടീവ് അംഗം പറഞ്ഞത് കൊണ്ട് പാര്‍ട്ടിയുടെ ശോഭ കെടില്ല. പാര്‍ട്ടി തീരുമാനം കൈകൊണ്ട യോഗത്തില്‍ ഇസ്മായില്‍ പങ്കെടുത്തിരുന്നില്ല. അതിനാലാവാം അദ്ദേഹത്തിന് ഇക്കാര്യം അറിയാഞ്ഞതെന്നും പ്രകാശ് ബാബു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here