തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നഷ്‌ടപ്പെട്ട ന്യൂനപക്ഷ വോട്ടുകൾ വീണ്ടെടുക്കാനുളള കോൺഗ്രസ് നീക്കം ആരംഭിച്ചു. ഭൂരിപക്ഷ വോട്ടുകൾ ലക്ഷ്യം വച്ച് സി പി എം പ്രചാരണം ശക്തമാക്കിയതോടെയാണിത്. ന്യൂനപക്ഷ വിശ്വാസം വീണ്ടെടുക്കാൻ ഉമ്മൻചാണ്ടിയെ സജീവമായി രംഗത്തിറക്കാനാണ് കോൺഗ്രസ് തീരുമാനം.ഇതിനു മുന്നോടിയായാണ് ന്യൂനപക്ഷ സമുദായങ്ങളുമായി ചർച്ച നടത്തുന്നതിന്റ ആദ്യപടിയെന്ന നിലയിൽ കെ മുരളീധരൻ അദ്ധ്യക്ഷനായ കമ്മിറ്റിയെ പാർട്ടി നിയോഗിച്ചത്. രണ്ടാംഘട്ടമായി ഉമ്മൻചാണ്ടിയും പി ജെ ജോസഫും രമേശ് ചെന്നിത്തലയും പി കെ കുഞ്ഞാലിക്കുട്ടിയും അടങ്ങുന്ന മുതിർന്ന നേതാക്കൾ ഇറങ്ങും. ഉമ്മൻചാണ്ടിയെ നിയമസഭ പ്രചാരണ സമിതി അദ്ധ്യക്ഷനാക്കി മുന്നോട്ടുപോകണമെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്.മുല്ലപ്പളളിയെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റേണ്ടെന്ന് തീരുമാനിച്ചിട്ടും കെ സുധാകരനും കെ മുരളീധരനും അനുകൂലമായി ഫ്ലക്‌സ് ബോർഡ് ഉയരുന്നതിൽ കടുത്ത അതൃപ്‌തിയിലാണ് എ,ഐ ഗ്രൂപ്പുകൾ. മുല്ലപ്പളളിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയാൽ അത് മുസ്ലീംലീഗിന്റ സമ്മർദ്ദം കൊണ്ടാണന്ന പ്രചാരണം വരും.

നിയമസഭ തിരഞ്ഞെടുപ്പിന് മൂന്നോ നാലോ മാസം മാത്രം ബാക്കിയുളളപ്പോൾ നേതൃമാറ്റം താഴെത്തട്ടിൽ ആശയക്കുഴപ്പവുണ്ടാക്കും. മാറ്റിയാലും ഈഴവ സമുദായത്തിന്റ പ്രതിനിധി എന്ന നിലയിൽ കെ സുധാകരനെ അദ്ധ്യനാക്കേണ്ടി വരും. പക്ഷെ ഒരു ഗ്രൂപ്പിലുളള ആർക്കും സുധാകരൻ നേതൃസ്ഥാനത്തിലേക്ക് വരുന്നതിനോട് താത്‌പര്യമില്ല. ഇവയൊക്കെയാണ് മുല്ലപ്പളളിയെ മാറ്റാ‌തിരിക്കാനുളള കാരണങ്ങൾ.ഉമ്മൻചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരുന്നതും സൂക്ഷ്‌മതയോടെ മതിയെന്നാണ് തീരുമാനം. കാരണം പ്രതിപക്ഷത്തെ നയിക്കുന്ന രമേശ് ചെന്നിത്തലയുടെ പ്രധാന്യം കുറയ്‌ക്കുന്നുവെന്ന തോന്നലുണ്ടായാൽ അത് ഭൂരിപക്ഷ വിഭാഗങ്ങൾക്കിടയിൽ അതൃപ്‌തിയുണ്ടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here