കണ്ണൂർ : മന്ത്രി ഇ.പി.ജയരാജൻ മത്സരിക്കുമോ, മന്ത്രി കെ.കെ. ശൈലജയ്ക്കു മണ്ഡലം മാറേണ്ടി വരുമോ, പി. ജയരാജൻ ഇനി മത്സര രംഗത്തേക്കു വരുമോ – കണ്ണൂർ സിപിഎമ്മിൽ ഉയരുന്ന പ്രധാന ചോദ്യങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തു തന്നെ മത്സരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. സിപിഎം ഭരണത്തുടർച്ച ലക്ഷ്യമിടുന്നതിനാൽ പിണറായി തന്നെയായിരിക്കും നായകൻ. കോടിയേരി ബാലകൃഷ്ണൻ മത്സരരംഗത്തുണ്ടാവില്ല എന്നാണ് അവസാന സൂചനകൾ.

മന്ത്രിസഭയിലെ രണ്ടാമനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇ.പി. ജയരാജൻ മത്സര രംഗത്തുനിന്നു മാറുമോയെന്ന ചോദ്യമുയരുന്നത് സിപിഎമ്മിന്റെ അടുത്ത സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം പരിഗണിക്കപ്പെടുമെന്ന കണക്കു കൂട്ടലിലാണ്. അങ്ങനെയൊരു സാധ്യത മുന്നിലുണ്ടെങ്കിൽ മാത്രമേ മത്സരിക്കേണ്ടതില്ലെന്ന തീരുമാനം ഇ.പി. ജയരാജന്റെ കാര്യത്തിൽ ഉണ്ടാകൂ.

എൽജെഡി മത്സരിച്ചു വരുന്ന കൂത്തുപറമ്പാണ് മന്ത്രി ശൈലജയുടെ മണ്ഡലം. ഇടതു മുന്നണിയിലെത്തിയ എൽജെഡിക്കു കൂത്തുപറമ്പ് വിട്ടുനൽകേണ്ടി വന്നാൽ ശൈലജയ്ക്കു മണ്ഡലം മാറേണ്ടി വരും. അങ്ങനെ വന്നാൽ ചർച്ച നീളുക ഇ.പി. ജയരാജന്റെ മണ്ഡലമായ മട്ടന്നൂരിനു നേരെയായിരിക്കും.

ജയരാജന്റെ വീട് ഉൾപ്പെടുന്ന കല്യാശ്ശേരി മണ്ഡലത്തിൽ നിലവിലെ എംഎൽഎ ടി.വി. രാജേഷ് ഇനി മത്സരിച്ചേക്കില്ല. തുടർച്ചയായി 2 തവണ ജയിച്ച രാജേഷിന് വീണ്ടും മത്സരിക്കണമെങ്കിൽ പാർട്ടിയുടെ ഇളവു വേണ്ടി വരും. രാജേഷ് മത്സര രംഗത്തില്ലെങ്കിൽ മട്ടന്നൂർ വിട്ട് ജയരാജൻ കല്യാശ്ശേരിയിൽ എത്തിക്കൂടായ്കയില്ല. അങ്ങനെയെങ്കിൽ മട്ടന്നൂരിലായിരിക്കും ശൈലജയുടെ മത്സരം. പഴയ തട്ടകമായ പേരാവൂർ തിരിച്ചു പിടിക്കുകയെന്ന ലക്ഷ്യത്തോടെ ശൈലജയെ അവിടേക്കു മാറ്റുമോയെന്നും വ്യക്തമല്ല. യുഡിഎഫ് മണ്ഡലമായ പേരാവൂരിൽ ശൈലജയെ നിർത്തിയുള്ള പരീക്ഷണത്തിന് പാർട്ടി തയാറാകുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇത്.

തുടർച്ചയായി 2 ടേം പൂർത്തിയാക്കിയ സി.കൃഷ്ണൻ (പയ്യന്നൂർ), ജയിംസ് മാത്യു (തളിപ്പറമ്പ്) എന്നിവരും ഇത്തവണ രംഗത്തുണ്ടായേക്കില്ല. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഐ. മധുസൂദനൻ തുടങ്ങിയവരുടെ പേരുകൾ അണിയറയിൽ കേൾക്കുന്നുണ്ട്. യുഡിഎഫ് മണ്ഡലങ്ങൾ പിടിക്കുകയെന്ന ലക്ഷ്യത്തോടെ അപ്രതീക്ഷിത സ്ഥാനാർഥികളെ ആലോചിച്ചു കൂടായ്കയുമില്ല.

ഇപ്പോൾ സിപിഎം സംസ്ഥാന സമിതി അംഗമെന്ന നിലയിൽ പ്രവർത്തിക്കുന്ന മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന് സീറ്റ് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദനെ പാർലമെന്ററി രംഗത്തേക്കു കൊണ്ടുവരാനുള്ള സാധ്യതയും തള്ളാനാവില്ല.

LEAVE A REPLY

Please enter your comment!
Please enter your name here