തിരുവനന്തപുരം : ബജറ്റ് വാഗ്ദാനങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിനു പരമാവധി ഉപയോഗിക്കാൻ ഇടതു മുന്നണി നീക്കം തുടങ്ങി. പ്രകടന പത്രികയിലൂടെ ഉടൻ ഇതിനു മറുപടി നൽകാൻ യുഡിഎഫും. ക്ഷേമവും വികസനവും തിരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാ വിഷയങ്ങളായിരിക്കുമെന്നു മുന്നണികളുടെ പടയൊരുക്കം വ്യക്തമാക്കി.

ജനപ്രിയ ചേരുവകളും തുടർഭരണ മോഹങ്ങളും തുളുമ്പി നിൽക്കുന്നതാണ് പിണറായി സർക്കാരിന്റെ അവസാന ബജറ്റ്. ഭരണം 4 മാസം മാത്രം ബാക്കി നിൽക്കെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കേണ്ട ബാധ്യത സൃഷ്ടിക്കുന്ന പിരിമുറുക്കം ഇല്ലാത്തതിനാൽ വാഗ്ദാനങ്ങൾക്കു പഞ്ഞമില്ല. മന്ത്രി തോമസ് ഐസക്കിന്റെ ഭാവനാ ലോകവും പതിവു പോലെ പ്രകടം. ബജറ്റ് വാഗ്ദാനങ്ങൾ വോട്ടാക്കി മാറ്റാനുള്ള എല്ലാ സാധ്യതയും നോക്കാൻ എംഎൽഎമാരോട് സിപിഎം നിർദേശിച്ചു. സൈബർ ഇടത്തിലും വൻ പ്രചാര വേല തുടങ്ങി. ഏതു സർക്കാർ വന്നാലും പുതിയ ബജറ്റ് വേറെ വരുമെങ്കിലും പ്രകടന പത്രിക എന്ന നിലയിൽ അവസാന ബജറ്റ് മുന്നോട്ടുവയ്ക്കാനാണ് പരിപാടി. ബജറ്റ് ചർച്ചയ്ക്കുള്ള മന്ത്രിയുടെ സഭയിലെ മറുപടിയിൽ കൂടുതൽ പ്രഖ്യാപനങ്ങൾ വരും.

ക്ഷേമ പെൻഷൻ 100 രൂപ കൂട്ടി 1600 ആക്കിയതോടെ യുഡിഎഫ് സർ‍ക്കാരിന്റെ കാലത്തെ 600 ൽ നിന്ന് 1000 രൂപ കൂട്ടിയതിന്റെ മേനി പറയാൻ പിണറായി സർക്കാരിനാവും. കോവിഡ് കാല സാമ്പത്തിക പ്രതിസന്ധി ജീവിത വരുമാനത്തെ ലോകത്തെങ്ങും പിന്നോട്ടടിക്കുമ്പോഴാണ് ശമ്പള പരിഷ്കരണത്തിലൂടെ ജീവനക്കാരോടുള്ള പ്രതിബദ്ധത സർക്കാർ വ്യക്തമാക്കുന്നത്. ഒപ്പം നിൽക്കുന്നവരെ ഉറപ്പിച്ചു നിർത്താനുള്ള വ്യഗ്രത ബജറ്റിൽ പ്രകടം. ആരെയും നോവിക്കാതെയും സൂക്ഷിച്ചു. സ്ത്രീകളുടെ പ്രഫഷനൽ സാധ്യതകൾ കൂടുതലായി ഉപയോഗിക്കാനും വൈജ്ഞാനിക ലോകത്തിന്റെ വഴികൾ വിനിയോഗിക്കാനും ഉള്ള പ്രഖ്യാപനങ്ങളിലും ഇടതു രാഷ്ട്രീയക്കണ്ണുണ്ട്. കേരള കോൺഗ്രസ്(എം) എൽഡിഎഫിലേക്ക് വന്നതിനു പിന്നാലെ റബർസ്ഥിരതാ വില 20 രൂപ കൂട്ടി; ബജറ്റിനുള്ള മറുപടിയിൽ ആ 170 രൂപ ഇനിയും വർധിപ്പിച്ചേക്കാം. എല്ലാ വീട്ടിലും ലാപ് ടോപ് പോലെയുള്ള പ്രഖ്യാപനങ്ങൾ ‘തമിഴ്നാട് മോഡൽ’ കേരളത്തിലുമോ എന്ന സന്ദേഹം ഉയർത്തി.

സർക്കാരിൽ നിന്നു കൂടുതൽ സൗജന്യങ്ങൾ ഇനി മുന്നണിയുടെ നയം തന്നെ ആയിരിക്കുമെന്ന് പ്രകടന പത്രികയുടെ കരടിൽ യുഡിഎഫും വ്യക്തമാക്കിക്കഴിഞ്ഞു. മത്സരിച്ചു വാഗ്ദാനങ്ങൾ കോരിച്ചൊരിയുമ്പോൾ ഇതിനെല്ലാമുള്ള പണം എവിടെ എന്ന ചോദ്യത്തിനു പ്രസക്തിയേറെ. തുടർഭരണം ലഭിച്ചാൽ, വീണ്ടും ധനമന്ത്രിയാകുന്നതിലെ അപകടമാകും 12–ാം ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞപ്പോഴത്തെ കടഭാരം ഐസക്കിനെ ഓർമിപ്പിക്കുക. തൽക്കാലം പക്ഷേ, വോട്ട് വീഴ്ത്താനുള്ള ‘കിറ്റ് വഴി’ തന്നെ ശരണം.

LEAVE A REPLY

Please enter your comment!
Please enter your name here