രാജേഷ് തില്ലങ്കേരി  

തിരുവനന്തപുരം : അമ്പലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ജി സുധാകരനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. സി പി എമ്മിലെ മുതിർന്ന അംഗവും രണ്ടു തവണ മന്ത്രിയുമായ ജി സുധാകരനെതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനായാണ് മുതിർന്ന നേതാക്കളായ എളമരം കരിം, കെ ജെ തോമസ് എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തെ സംസ്ഥാന സമിതി പ്രഖ്യാപിച്ചത്. അമ്പലപ്പുഴയിൽ പാർട്ടി സ്ഥാനാർത്ഥിയായിരുന്ന എച്ച് സലാമിനെ പരാജയപ്പെടുത്താനായി ശ്രമിച്ചുവെന്ന ആരോപണത്തിവലാണ് അന്വേഷണം. അമ്പലപ്പുഴയിൽ തനിക്കെതിരെയുണ്ടായ പോസ്റ്റർ വിവാദത്തിന് പിന്നിൽ ജി സുധാകരനാണെന്നും, തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സുധാകരൻ പലപ്പോഴും വിട്ടുനിന്നുവെന്നുമാണ് ഉയർന്ന ആരോരണം. അമ്പലപ്പുഴയിൽ ജി സുധാകരന് സീറ്റ് നിഷേധിച്ചതിലുള്ള വിരോധമായിരുന്നു സലാമിനെതിരെയുള്ള നീക്കത്തിന് പിന്നിലെന്നായിരുന്നു ഉയർന്ന ആരോപണം. സുധാകരൻ മന്ത്രിയായിരുന്ന വേളയിൽ അമ്പലപ്പുഴയിൽ എം എൽ എയുടെ ഓഫീസന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു എച്ച് സലാം. സലാമിനെതിരെ മണ്ഡലത്തിൽ എതിരാളികൾ ആരോപണമുയർത്തിയ വേളയിൽ അത് തടയാൻ ജി സുധാകരൻ തയ്യാറായില്ലെന്നും, ആലപ്പുഴയിലെ സ്ഥാനാർത്ഥിയായിരുന്ന ജെ ചിത്തരഞ്ചനെതിരെ ആരോപണമുയർന്നപ്പോൾ സീറ്റ് നിഷേധിക്കപ്പെട്ട ഡോ തോമസ് ഐസക് സജീവമായി ചിത്തരഞ്ചന് വേണ്ടി നിലകൊണ്ടു എന്നുമായിരുന്നു ആരോപണം.


ജി സുധാകരൻ എക്കാലത്തും ആലപ്പുഴയിൽ ശക്തനായ നേതായിരുന്നു. അന്തിമമായ എല്ലാ തീരുമാനവും കൈക്കൊണ്ടിരുന്നതും ജി സുധാകരനായിരുന്നു. അതേ സുധാകരനെതിരെയാണ് സംസ്ഥാന കമ്മിറ്റി അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് എന്നും കൗതുകരമാണ്. ഒരു വിഭാഗം പ്രവർത്തകർ ജി സുധാകരനൊപ്പം നിലകൊള്ളുന്നവരാണ്. നിരവധി വെട്ടും നിരത്തും കണ്ട ആലപ്പുഴയിലെ പാർട്ടിയിൽ സ്വന്തമായി ഗ്രൂപ്പുണ്ടാക്കി ശക്തനായ ജി സുധാകരൻ ഒടുവിൽ കാലിടറി വീഴുമോ എന്നുമാത്രമാണ് അറിയാനുള്ളത്.
പാർട്ടിയിൽ വലിയ പൈതൃകമുള്ള നേതാവാണെങ്കിലും സുധാകരന് വലിയ വീഴ്ച സംഭവിച്ചതായി സംസ്ഥാന സമിതി വിലയിരുത്തിയിരുന്നു. ജില്ലാ കമ്മിറ്റി യോഗത്തിലും, സംസ്ഥാന അവലോകന യോഗത്തിലും ജി സുധാകരൻ പങ്കെടുത്തിരുന്നില്ല. തനിക്കെതിരെ ഒരു സംഘം നടത്തുന്ന സംഘടിതമായ നീക്കവും, പാർട്ടി നപടിയുമൊക്കെ മുന്നിൽ കണ്ട് എല്ലാറ്റിൽ നിന്നും മാറിനിൽക്കയാണ് ജി സുധാകരൻ. ആറുമാസത്തിനുള്ളിൽ സുധാകരനെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.


വിജയിച്ചിട്ടും അമ്പലപ്പുഴയിൽ വീഴ്ചയുണ്ടായി എന്നുള്ള ആരോപണം സി പി എം അതീവ ഗൗരവത്തോടെയാണ് നിരീക്ഷിച്ചത്. സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടറിയും അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമായിരിക്കും നടപടികളിലേക്ക് നീങ്ങുക.
കണ്ണൂർ കഴിഞ്ഞാൽ സി പി എമ്മിന്റെ ഏറ്റവും ശക്തമായ ഘടകമാണ് ആലപ്പുഴ. എല്ലാ കാലത്തും ആലപ്പുഴയിലെ പാർട്ടിയിൽ വിഭാഗീയതയും മറ്റു നടപടികളും ഒക്കെയുണ്ടായിരുന്നപ്പോഴും ഒരു ഭാഗത്ത് ശക്തമായി ഉണ്ടായിരുന്ന നേതാവാണ് ജി സുധാകരൻ. അഞ്ച് പതിറ്റാണ്ടുകാലമായി പാർട്ടിയിൽ സജീവ സാന്നിദ്ധ്യമായിരുന്നു ജി സുധാകരൻ.


മുഖം നോക്കാതെയുള്ള പരിശോധനയും കുറ്റക്കാരന്നെു കണ്ടാൽ നടപടിയും ഉണ്ടാവുമെന്ന കൃത്യമായ മുന്നറിയിപ്പാണ് പാർട്ടി സംസ്ഥാന സമിതി നൽകിയിരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here