ജര്‍മ്മനിയിലെ തുയ്‌നില്‍ സെന്റ് ഫ്രാന്‍സിസ് കോണ്‍ഗ്രിഗേഷന് കീഴിലുള്ള കോണ്‍വെന്റിലെ 76 കന്യാസ്ത്രീകള്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച കോണ്‍വെന്റില്‍ നടത്തിയ കൊറോണ ടെസ്റ്റിലാണ് എഴുപത്തിയാറോളം കന്യാസ്ത്രീകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് മഠത്തില്‍ ക്വാറന്റീന്‍ ഏര്‍പ്പെടുത്തി.

അതേസമയം ഇതുവരെ ആര്‍ക്കും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്ന് മദര്‍ സുപ്പീരിയര്‍ മരിയ കോര്‍ഡിസ് റെയ്ക്കര്‍ പറഞ്ഞു. ഇതുവരെ ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും മദര്‍ സുപ്പീരിയര്‍ പറഞ്ഞു. 85 കന്യാസ്ത്രീകളുടെ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവായിരുന്നു.

കോണ്‍വെന്റിലെയും അനുബന്ധ സ്ഥാപനങ്ങളിലേയും കന്യാസ്ത്രീകള്‍ ഒഴികെയുള്ള 160 ഓളം ജീവനക്കാരുടെ ടെസ്റ്റ് റിസല്‍ട്ടിനായി കാത്തിരിക്കുകയാണ് അധികൃതര്‍. കിച്ചണ്‍ ജോലിക്കാരും ഓള്‍ഡ് ഏജ് ഹോമിലെ ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും. ഇവിടെ കുറേയധികം സ്‌കൂളുകളും ബോയ്‌സ് ബോര്‍ഡിംഗ് സ്‌കൂളുകളും സിസ്‌റ്റേഴ്‌സ് നടത്തുന്നുണ്ട്. ജര്‍മ്മനിയിലെ മിക്ക കോണ്‍വെന്റുകളിലേയും കന്യാസ്ത്രീകള്‍ പ്രായമുള്ളവരാണ്. അതുകൊണ്ട് തന്നെ കൊറോണ വൈറസ് ബാധിക്കാനുള്ള സാധ്യത ഇവരില്‍ കൂടുതലാണെന്നും അധികൃതര്‍ പറയുന്നു.

ജര്‍മ്മനിയില്‍ ഇതുവരെ 13,604 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 388 പേരാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ച് മരിച്ചത്. രാജ്യത്ത് ചെറുപ്പക്കാര്‍ക്കിടയില്‍ വൈറസ് കേസുകള്‍ കുറയുന്നുണ്ടെങ്കിലും പ്രായമായവരില്‍ അണുബാധയേല്‍ക്കാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായി കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here