പുകവലിക്കെതിരെ പുതിയ നീക്കവുമായി സാന്‍ ഫ്രാന്‍സിസ്‌കോ ബോര്‍ഡ് ഓഫ് സൂപ്പര്‍വൈസേര്‍സ്. അപ്പാര്‍ട്ട്‌മെന്റുകള്‍ക്കുള്ളില്‍ പുകവലി നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ആവശ്യത്തിന് നഗരത്തിന്റെ അധികൃതര്‍ പ്രാഥമിക അനുമതി നല്‍കിയിരുന്നു. ഇതോടെ അപ്പാര്‍ട്ടുമെന്റുകള്‍ക്കുള്ളില്‍ പുകയില ഉപയോഗവും, പുകവലിയും നിരോധിക്കുന്ന യുഎസിലെ ഏറ്റവും വലിയ നഗരമായി സാന്‍ ഫ്രാന്‍സിസ്‌കോ മാറി.

അതേസമയം പുകവലി നിരോധിച്ചതിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. വിഷയത്തെ എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തി. ശുദ്ധവായു ശ്വസിക്കാന്‍ ഒരാള്‍ക്ക് ഒരൊറ്റ വീട്ടില്‍ താമസിക്കേണ്ട കാര്യമില്ലെന്ന് ഓര്‍ഡിനന്‍സ് തയ്യാറാക്കിയ നോര്‍മന്‍ യീ പറഞ്ഞു. ഓരോ വ്യക്തിക്കും കുടുംബത്തിനും അവര്‍ എവിടെ താമസിക്കുന്നുവെന്നോ അവരുടെ വരുമാനം എന്താണെന്നോ പരിഗണിക്കാതെ ആ ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം നിലനില്‍ക്കണമെന്നും നോര്‍മന്‍ യീ പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ കഞ്ചാവ് വലിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ പുകവലിക്ക് നിയമപരമായി അംഗീകാരമുള്ള ഒരേയൊരു സ്ഥലമാണ് ഇപ്പോള്‍ അപഹരിക്കപ്പെടുന്നതെന്ന് ആക്ടിവിസ്റ്റുകളും നിയമത്തെ എതിര്‍ക്കുന്നവരും വിമര്‍ശിച്ചു. ഇത് തങ്ങളുടെ വീടുകള്‍ക്കുള്ളിലെ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും നിരോധനത്തിന് എതിരായവര്‍ വാദിച്ചു. എന്നാല്‍ താരതമ്യേനെ താഴ്ന്ന വരുമാനമുള്ളവരുടേയും പ്രത്യേകിച്ച് ഇടതൂര്‍ന്ന അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളില്‍ താമസിക്കുന്നവരുടേയും ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിരോധനത്തെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കി.

അതേസമയം ആരോപണങ്ങളും പ്രത്യാരോപണങ്ങളും മുന്നേറിക്കൊണ്ടിരിക്കെ പുതിയ ഓര്‍ഡിനന്‍സ് നടപ്പിലാക്കാന്‍ നഗരത്തിലെ പൊതുജനാരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമം തെറ്റിക്കുന്നവരില്‍ നിന്ന് പ്രതിദിനം 1,000 ഡോളര്‍ പിഴ ഈടാക്കും. എന്നിരുന്നാലും, ലംഘനം നടത്തിയതിന്റെ പേരില്‍ താമസക്കാരെ പുറത്താക്കാന്‍ കഴിയില്ല.

LEAVE A REPLY

Please enter your comment!
Please enter your name here