ചൈനയിലെ വുഹാനില്‍ കൊറോണ രോഗികളുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമപ്രവര്‍ത്തകയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഷാങ്ഹായ് കോടതി. ചൈനീസ് സര്‍ക്കാരിന്റെ തടങ്കലിലായിരുന്ന മുന്‍ അഭിഭാഷക ഷാങ് ഷാനിനാണ് കോടതി ശിക്ഷ വിധിച്ചത്. വ്യാജ പ്രചരണം നടത്തിയെന്നും രാജ്യത്തെ സമാധാന നില തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് കോടതി ഷാങ് ഷാനിന് ശിക്ഷ വിധിച്ചത്.

കേസിന്റെ വിചാരണ ശരിയായ രീതിയിലല്ല നടന്നെതെന്ന് ഷാങ് ഷാനിന്റെ അഭിഭാഷകയായ ഷാങ് കെകെ അറിയിച്ചു. എന്ത് കുറ്റം ചുമത്തിയാണ് ഷാങിനെ ജയിലില്‍ അടയ്ക്കുന്നത് എന്നതില്‍ പോലും വ്യക്തത വന്നിട്ടില്ലെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു.

മാദ്ധ്യമപ്രവര്‍ത്തകയെ അറസ്റ്റ് ചെയ്ത് ഒരു വര്‍ഷത്തിന് ശേഷമാണ് വിചാരണ നടത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് വുഹാനിലെ കൊറോണ വ്യാപനം ഷാങ് റിപ്പോര്‍ട്ട് ചെയ്തത്. പൊതുജനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയില്ലെന്നും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ആളുകളെ പ്രതിസന്ധിയിലാക്കി എന്നുമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. വുഹാനിലെ കൊറോണ ബാധിതര്‍ ദുരിതം അനുഭവിക്കുന്ന റിപ്പോര്‍ട്ടുകള്‍ സമൂഹ മാദ്ധ്യമങ്ങളിലും പ്രചരിച്ചിരുന്നു.

റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ആരോപിച്ച് മെയ് 14 ന് സാങിനെ ചൈന അനധികൃതമായി തടങ്കലിലാക്കി. തുടര്‍ന്ന് പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വുഹാനിലെ കൊറോണ വ്യാപനത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here