വാഷിംഗ്ടൺ​: ആഗോളതലത്തിൽ ആണവായുധങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ കരാർ ലോകത്താദ്യമായി നിലവിൽ വന്നു. ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടെയാണിത്.കരാർ ഇനിമുതൽ അന്താരാഷ്​ട്ര നിയമത്തിന്റെ ഭാഗമാകും. ആണവായുധങ്ങൾ പൂർണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവ നിയമം വഴി നിരോധിക്കാനുള്ളതാണ്​ കരാർ. ആണവായുധങ്ങളുടെ നിർമാണം, പരീക്ഷണം, കൈവശം വയ്ക്കൽ, കൈമാറ്റം ചെയ്യൽ എന്നിവക്കൊക്കെ നിയമം പ്രാബല്യത്തിലായതോടെ നിരോധനം വരും.എന്നാൽ, ആണവായുധത്തിന്റെ ദൂഷ്യഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ച ജപ്പാൻ കരാറിനെ പിന്തുണച്ചില്ലെന്നാണ് വിവരം.

രണ്ടാംലോകയുദ്ധകാലത്ത്​ അമേരിക്ക ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി പ്രദേശങ്ങളിൽ നടത്തിയ അണുബോംബ് ആക്രമണത്തിന് ശേഷമാണ്​ ആണവായുധങ്ങളുടെ നിരോധന കരാറിനായി സമാധാന പ്രേമികൾ വാദിച്ചത്.​ 2017ൽ യു.എൻ ആണവായുധ നിരോധന കരാർ വോട്ടിനിടാൻ തീരുമാനിച്ചപ്പോൾ 122 രാജ്യങ്ങൾ അനുകൂലിച്ചു. എന്നാൽ, അന്ന്​ ഇന്ത്യയടക്കം എട്ടു രാജ്യങ്ങൾ ചർച്ചയിലും വോ​ട്ടെടുപ്പിലും പ​ങ്കെടുത്തില്ല. ഇന്ത്യയെ കൂടാതെ, അമേരിക്ക, ബ്രിട്ടൻ, ചൈന, പാകിസ്​താൻ, ഉത്തരകൊറിയ, റഷ്യ, ഫ്രാൻസ്​, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ്​ വിട്ടുനിന്നത്​. അതേസമയം, കരാറിനെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്​ട്ര സഭയെയും ഹിരോഷിമ, നാഗസാക്കി ഇരകളെയും സംബന്ധിച്ച്​ ​ പ്രധാനപ്പെട്ട ദിവസമാണിതെന്നാണ്​ ആണവായുധങ്ങളുടെ നിരോധനത്തിനായി പ്രചാരണം നടത്തുന്ന ബിയാട്രിക്​ ഫിൻ പ്രതികരിച്ചത്​. നിലവിൽ 61 രാജ്യങ്ങൾ കരാർ അംഗീകരിച്ചിട്ടുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here