വെല്ലിംഗ്ടൺ: പസഫിക് സമുദ്രത്തിൽ ഇന്നലെ തുടർ ഭൂകമ്പങ്ങൾ അനുഭവപ്പെട്ടത് മൂലം സുനാമി ഭീഷണിയിൽ ന്യൂസിലൻഡ്. ന്യൂസിലൻഡ്, ന്യൂ കാലിഡോണിയ, വാനുവാട്ടു എന്നിവിടങ്ങളിലെ തീരദേശനിവാസികളെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ഫ്രഞ്ച് സമുദ്രാതിർത്തിയിൽ പത്തടി ഉയരത്തിൽ തിരമാലകൾ ഉയർന്നതിനെ തുടർന്നാണ് ന്യൂസിലൻഡിൽ തീരദേശവാസികളെ അധികൃതർ ഒഴിപ്പിച്ചത്.റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതിനെ തുടർന്നാണ് സുനാമി മുന്നറിയിപ്പ് നൽകിയത്. 7.4, 7.3 തീവ്രതയുള്ള ഭൂകമ്പങ്ങളും അനുഭവപ്പെട്ടിരുന്നു. പ്രകമ്പനം 1000 കിലോമീറ്ററോളം ചുറ്റളവിലുണ്ടായിട്ടുണ്ട്​.

തീരത്തു നിന്ന്​ വാങ്​ഗറേ വരെയും ഗ്രേറ്റ്​ ബാരിയർ ദ്വീപ്​, വാക്കത്താനെ, ഒപോടികി അടക്കം മറ്റാറ്റ മുതൽ ടോളഗ വരെയും സുനാമി ഭീഷണിയുണ്ടെന്ന്​ അധികൃതർ അറിയിച്ചു. ന്യൂസിലൻഡിലെ മറ്റു ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ്​ ഇല്ല.തീരങ്ങൾക്ക് സമീപത്തല്ല ഭൂകമ്പങ്ങളുണ്ടായതെങ്കിലും ചലനങ്ങളുടെ ഫലമായി സുനാമി ഉണ്ടാകാനുള്ള സാദ്ധ്യത നിലനിൽക്കുന്നതായി അധികൃതർ വ്യക്തമാക്കി. ബീച്ചുകളിൽ നിന്ന് വിട്ടുനിൽക്കാനും മത്സ്യബന്ധനത്തിനും മറ്റുമായി കടലിലിറങ്ങരുതെന്നും നിരത്തുകളിലേക്ക് കൂട്ടമായെത്തി ഗതാഗതടസ്സമുണ്ടാക്കരുതെന്നും എമർജൻസി സർവീസസ് വക്താവ് ജനങ്ങൾക്ക് നിർദ്ദേശം നൽകി.എല്ലാ ജനങ്ങളും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നതായി പ്രധാനമന്ത്രി ജസിന്ത ആർഡേൻ ആദ്യത്തെ ഭൂചലനത്തിന് ശേഷം പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.ടോങ്കയുടെ സമുദ്രമേഖലയിലും തീവ്രത കുറഞ്ഞ തിരമാലകൾ ഉണ്ടായി. ജപ്പാൻ, റഷ്യ, മെക്‌സിക്കോ, തെക്കെ അമേരിക്കൻ തീരം എന്നിവടങ്ങളിലും തീവ്രത കുറഞ്ഞ തുടർ തിരമാലകൾക്ക് സാദ്ധ്യതയുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here