ഹുലിയാൻ: തായ് വാനിലെ ടണലിൽ ട്രെയിൻ പാളംത്തെറ്റിയുണ്ടായ അപകടത്തിൽ 36 മരണം. 72 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നിരവധി പേർ ടണലിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

കിഴക്കൻ തായ് വാനിലെ ഹുലിയാനിൽ പ്രാദേശിക സമയം രാവിലെ 9.28നാണ് അപകടമുണ്ടായത്. 350 യാത്രക്കാരുമായി തയ്തങ്ങിലേക്ക് പോകവെ ടണലിന് സമീപത്ത് വെച്ച് ട്രക്കിൽ ഇടിച്ചാണ് ട്രെയിൻ പാളം തെറ്റിയത്. പാളത്തിൽ നിന്ന് അകന്നുമാറിയ നാലു കമ്പാർട്ടുമെന്‍റുകൾ ടണലിൽ കുടുങ്ങി കിടക്കുകയാണ്. കമ്പാർട്ടുമെന്‍റുകളുടെ വാതിൽ തകർത്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്.

അറ്റകുറ്റപണി നടത്തുന്ന എൻജിനീയറിങ് ടീമിന്‍റെ ട്രക്കിൽ ട്രെയിൻ ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി തായ് വാൻ റെയിൽവേ അറിയിച്ചു. കിഴക്കൻ തായ്‌വാനിലെ പ്രസിദ്ധമായ ടാരോകോ ജോർജിന് അടുത്തുള്ള മനോഹരമായ പട്ടണമാണ് ഹുലിയാൻ.

2018ൽ കിഴക്കൻ തായ് വാനിലെ യിലാനിൽ ട്രെയിൻ പാളംത്തെറ്റിയുണ്ടായ അപകടത്തിൽ 18 പേർ മരിച്ചിരുന്നു. 1990ൽ മിയോലിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർ മരിക്കുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here