സ്‌കോട്ട്‌ലന്‍ഡിലെ യുണൈറ്റഡ് നേഷന്‍സിന്റെ കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി സ്വീഡിഷിലെ കൗമാര പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തന്‍ബെര്‍ഗ്. വാക്‌സിന്‍ വിതരണം ചെയ്യുന്നതിലെ തുല്യതയില്ലായ്മയാണ് കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുക്കാത്തതിന് കാരണമെന്നും ഗ്രേറ്റ പറഞ്ഞു. പല രാജ്യങ്ങളിലും വാക്‌സിന്‍ വിതരണം ചെയ്യുന്നത് പലതരം വേര്‍തിരിവുകളോടെയാണ്. പ്രായമായവര്‍ക്കും രോഗികള്‍ക്കും ആദ്യം വാക്‌സിന്‍ നല്‍കേണ്ടതിന് പകരം പല രാജ്യങ്ങളിലും പ്രായമായവരെ മാറ്റിനിര്‍ത്തി ചെറുപ്പക്കാര്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നുണ്ടെന്നും ഗ്രേറ്റ ആരോപിച്ചു.

വാക്‌സിന്‍ വിതരണത്തില്‍ തുല്യത വരുത്തിയതിനു ശേഷമാണ് കാലാവസ്ഥാ സമ്മേളനം നടത്തേണ്ടതെന്നും ഗ്രേറ്റ പറഞ്ഞു. നിലവിലെ സമ്മേളനം മാറ്റി വെയ്ക്കണമെന്നും എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുമ്പോള്‍ മാത്രം കാലാവസ്ഥാ സമ്മേളനം നടത്തിയാല്‍ മതിയെന്നുമാണ് ഗ്രേറ്റയുടെ അഭിപ്രായം. 2018 ല്‍ സ്റ്റോക്ക്‌ഹോമിലെ സ്വീഡിഷ് പാര്‍ലമെന്റിന് പുറത്ത് നടത്തിയ ഏകാന്ത പ്രതിഷേധത്തിലൂടെയാണ് ഗ്രേറ്റ തന്‍ബര്‍ഗ് എന്ന കൗമാരക്കാരി ലോക ശ്രദ്ധ നേടുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here