ഗസ്സ സിറ്റി: ഗസ്സയിലെ ഏക കോവിഡ്​ പരിശോധന ലാബ്​ ഇസ്രായേൽ വ്യോമാക്രമണത്തിൽ തകർന്നെന്ന്​ ഫലസ്​തീൻ അധികൃതർ അറിയിച്ചു. ആരോഗ്യ മന്ത്രാലയവും ഗസ്സയിലെ ഏക കോവിഡ് പരിശോധന ലാബായ അൽ രിമാൽ ക്ലിനിക്കും ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ ആക്രമണമെന്ന്​ വാർത്ത ഏജൻസികൾ റിപ്പോർട്ട്​ ചെയ്യുന്നു. ആക്രമണത്തിൽ തകർന്നതിനെ തുടർന്ന്​ കോവിഡ്​ പരിശോധന നിർത്തി വെച്ചിരിക്കുകയാണെന്ന്​ മിഡിലീസ്​റ്റ്​ ​ഐ റിപ്പോർട്ട്​ ചെയ്​തു.

മേഖലയിലെ കോവിഡ് പരിശോധന പൂർണമായും നിർത്തി​വെച്ചിരിക്കുകയാണെന്ന് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. യൂസുഫ് അബ്​ദുൽറിഷ് അറിയിച്ചു. മധ്യ ഗസ്സയില്‍ സ്ഥിതി ചെയ്യുന്ന ആരോഗ്യ മന്ത്രാലയത്തിന്‍റെ കാര്യാലയം ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണത്തിലാണ്​ ലാബ്​ തകർന്നതെന്ന്​ ആരോഗ്യ മന്ത്രാലയം വക്​താവ്​ അഷ്​റഫ്​ ഖിദ്രയും പറഞ്ഞു.

ആറുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആരോഗ്യ മന്ത്രാലയം ഓഫിസും ബോംബാക്രമണത്തിൽ തകർന്നിട്ടുണ്ട്. കോവിഡ്​ പരിശോധന നിരക്ക്​ കൂടുതലുള്ള ഗസ്സയിൽ വാക്​സിൻ വിതരണം മന്ദഗതിയിലാണ്​. പ്രതിദിനം ശരാശരി 500കോവിഡ്​ കേസുകളാണ്​ ഫലസ്​തീനിൽ റിപ്പോർട്ട്​ ചെയ്യുന്നത്​. മഹാമാരിയെ തടുക്കാനുള്ള ഫലസ്​തീന്‍റെ ശ്രമങ്ങൾക്ക്​ ലാബിന്‍റെ തകർച്ച ഭീഷണിയായെന്നും അഷ്​റഫ്​ ഖിദ്ര ചൂണ്ടിക്കാട്ടി. എച്ച്​.ഐ.വി, ഹെപറ്റൈറ്റിസ്​ സി തുടങ്ങിയ പരിശോധനകളും നിർത്തി വെക്കേണ്ടി വന്നിരിക്കുകയാണെന്ന്​ മന്ത്രാലയത്തിലെ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം ഡയറക്​ടർ റാമി അബ്​ദുല്ല പറഞ്ഞു.

ആരോഗ്യ മന്ത്രാലയത്തിന്​ സമീപത്തുള്ള അനാഥാലയവും ഗേൾസ് ഹൈസ്‌കൂളും ആക്രമണത്തിൽ തകർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗസ്സയില്‍ രണ്ട് ഡോക്ടർമാരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഗസ്സയിലെ പ്രധാന ആശുപത്രിയായ അൽ ശിഫയിലെ ആന്തരികാവയവ വിഭാഗം മേധാവി അയ്മൻ അബു അൽഔഫ്, നാഡീരോഗ വിദഗ്ധൻ മുഈനുൽ അലൂൽ എന്നിവരാണ് മരിച്ചത്. ആരോഗ്യ പ്രവർത്തകരെയും സ്​ഥാപനങ്ങ​ളെയും ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണം ഒരിക്കലും നീതികരിക്കാനാകില്ലെന്ന്​ ആരോഗ്യ മന്ത്രാലയത്തിന്​ കീഴിലെ പ്രിവന്‍റിവ്​ മെഡിസിൻ വിഭാഗം ഡയറക്​ടർ ഡോ. മജ്​ദി ധൈർ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ ഒരു മന്ത്രാലയം ഉദ്യോഗസ്​ഥന്‍റെ നില ഗുരുതരമാണൈന്നും അ​ദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here