ഗള്‍ഫ് മേഖലയില്‍ രണ്ടാം ദിവസവും കനത്ത മഴ തുടരുന്നു. ഒമാനില്‍ ഒഴുക്കില്‍പെട്ട് രണ്ടുപേര്‍ മരിച്ചു. യുഎഇയുടെ വിവിധ ഭാഗങ്ങളിലും ഇന്ന് ഭേദപ്പെട്ട മഴ ലഭിച്ചു. വടക്കന്‍ ഒമാനിലെ റുസ്താക്ക് പ്രവിശ്യയിലെ വാദി അല്‍ ഹദീത്ത് മുറിച്ചു കടക്കാനുള്ള ശ്രമത്തിനിടെ പതിനാലു വയസുള്ള വിദ്യാര്‍ഥിയാണ് ഒഴുക്കില്‍ പെട്ട് മരിച്ചത്. അല്‍ഹിമിലി വാദിയില്‍ ഒഴുക്കില്‍പെട്ട് കഴിഞ്ഞ ദിവസം മറ്റൊരു യുവാവ് മരിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദിവസമായി തുടരുന്ന മഴയില്‍ റോഡുകളില്‍ വെള്ളം കയറിയതോടെ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു.

ചിലയിടങ്ങള്‍ മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. താപനില കുത്തനെ താഴ്ന്നതോടെ ജബല്‍ ഷംസ്, ജബല്‍ അല്‍ അക്തര്‍ മലമുകളില്‍ ശക്തമായ മഞ്ഞു വീഴ്ചയും ഉണ്ടായി. അബുദാബിയില്‍ തിങ്കഴാഴ്ച ആരംഭിച്ച മഴ തുടരുകയാണ്. മുസഫ, ഖലീഫാ സിറ്റി, ബനിയാസ്, ഷഹാമ, മേഖലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. കനത്ത മഴയെ തുടര്‍ന്ന് മുസഫ, മഫറഖ് മേഖലകളില്‍ തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ഓഫീസുകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളിലുള്ള ഫാക്ടറികളുടെ പ്രവര്‍ത്തനം നിര്‍ത്തി വച്ചു.

അല്‍ ഐനില്‍ രാവിലെ തുടങ്ങിയ കാറ്റും മഴയും വൈകിട്ടു വരെ തുടര്‍ന്നു. അല്‍ ബത്തീനില്‍ നടക്കാനിരുന്ന എയര്‍ എക്സ്പോ മഴ മൂലം നാളേക്ക് മാറ്റി. ഖോര്‍ഫക്കാനില്‍ വൈകിട്ട് നാലരയോടെ തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരുമെന്നും കടലില്‍ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here