ഇന്ത്യയുമായി ശക്തമായ ഉഭയകക്ഷി ബന്ധം നിലനിര്‍ത്തുന്നതിന് സൗദി അറേബ്യ മുന്തിയ പരിഗണന നല്‍കുന്നുവെന്ന് സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഡല്‍ഹിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആദില്‍ അല്‍ ജുബൈര്‍ സൗദി നിലപാട് വ്യക്തമാക്കിയത്. അതിനിടെ അടുത്തമാസം സൗദി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി റിയാദിനു പുറമേ ജിദ്ദയും സന്ദര്‍ശിച്ചേക്കുമെന്ന് സൂചനയുണ്ട്.

സൗദി അറേബ്യയുടെ വളര്‍ച്ചയില്‍ ഇന്ത്യന്‍ സമൂഹം വഹിച്ച പങ്ക് വിലപ്പെട്ടതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ സൗദി വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. സൗദിയുടെ ഏറ്റവും വലിയ സുഹൃദ് രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയുമായുള്ള ബന്ധം ശക്തമായി തുടരുന്നതിന് സൗദി ഉയര്‍ന്ന പരിഗണ നല്‍കുന്നുവെന്നും ജുബൈര്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

രാഷ്ട്രീയ, സുരക്ഷാ, സാന്പത്തിക മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് കഴിഞ്ഞ രണ്ടു ദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ ഇരു രാജ്യങ്ങളും പരിശോധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പുറമേ വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും ആദില്‍ അല്‍ ജുബൈര്‍ ചര്‍ച്ച നടത്തി. അടുത്തമാസം രണ്ടിനാണ് ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റിയാദിലെത്തുക.

റിയാദിനു പുറമേ പ്രധാനമന്ത്രി ജിദ്ദയും സന്ദര്‍ശിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജിദ്ദയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുന്ന പ്രധാനമന്ത്രി ലേബര്‍ ക്യാംപുകളിലും സന്ദര്‍ശനം നടത്തിയേക്കും. എന്നാല്‍ ജിദ്ദ സന്ദര്‍ശനം സംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്‍റെ ഭാഗത്തു നിന്ന് ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here