സിയോള്‍: ഉത്തര കൊറിയ വീണ്ടും മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ കിഴക്കൻ തീരത്ത് ചൊവ്വാഴ്ച രാവിലെയാണ് പരീക്ഷണം നടന്നതെന്ന് ജപ്പാൻ, ദക്ഷിണ കൊറിയ അധികൃതര്‍ പറഞ്ഞു. ഈ മാസം മൂന്നാമത്തെ പരീക്ഷണമാണിത്. ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചതെന്ന് ജപ്പാന്‍ ആരോപിച്ചു.

കൊറിയകള്‍ക്കിടയില്‍ സമാധാനം പുനഃസ്ഥാപിക്കാനും അയല്‍രാജ്യങ്ങള്‍ക്ക് ഭീഷണിയാകുന്ന ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണങ്ങള്‍‌ അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര ഇടപെടല്‍ ഉണ്ടാകണമെന്ന് ദക്ഷിണ കൊറിയ യുഎന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, തങ്ങൾക്കെതിരെ ശത്രുത ശക്തമാകുന്നതിനാല്‍ പ്രതിരോധ സംവിധാനം കാര്യക്ഷമമാക്കാന്‍ ബാധ്യസ്ഥരാണെന്നും ആയുധ പരീക്ഷണം തടയുന്നതിന് ആര്‍ക്കും അധികാരമില്ലെന്നുമാണ് ഉത്തര കൊറിയ കഴിഞ്ഞദിവസം സഭയെ അറിയിച്ചത്. കൊറിയകള്‍ക്കിടയിലെ പ്രതിസന്ധി പരിഹരിക്കുന്നതിലെ തടസ്സം അമേരിക്കയാണെന്നും പ്രശ്നം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന അമേരിക്കയുടെ പക്ഷം സത്യസന്ധമാണെങ്കില്‍ ദക്ഷിണ കൊറിയയിലെ സംയുക്ത സൈനിക അഭ്യാസം അവസാനിപ്പിച്ച് സൈന്യത്തെ രാജ്യത്തുനിന്ന്‌ പൂര്‍ണമായി പിന്‍വലിക്കാന്‍ അവര്‍ തയ്യാറാകണമെന്നും ഉത്തര കൊറിയയുടെ യുഎന്‍ അംബാസഡര്‍ കിം സോങ് സമ്മേളനത്തിന്റെ ഉന്നതതല പൊതുചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here