പി പി ചെറിയാന്‍

മിഷിഗണ്‍: കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന് വാക്സിന്‍ സ്വീകരിച്ച ദമ്പതിമാര്‍ ഒരു മിനിട്ടിന്റെ വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങി. മിഷിഗണിലുള്ള കാല്‍ ഡന്‍ഹം (59) ഭാര്യ ലിന്‍ഡ ഡന്‍ഹം (66) എന്നിവരാണ് സെപ്തംബര്‍ 27 തിങ്കളാഴ്ച രാവിലെ 11:07നും 11:08 നും (ഒരു മിനിട്ടിന്റെ വ്യത്യാസത്തില്‍) കോവിഡിന്റെ അനന്തരഫലങ്ങള്‍ക്ക് ഇരയായത്.

ഈ മാസമാദ്യം ഫാമിലി ക്യാമ്പിംഗില്‍ പങ്കെടുത്ത ശേഷമാണ് ഇരുവര്‍ക്കും കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടത്. ജലദോഷം വന്നത് സാധാരണയാണെന്നായിരുന്നു ഇരുവരും വിശ്വസിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഗുരുതരമാകുകയും ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന ഇരുവരെയും തിങ്കളാഴ്ച പുറത്തെടുത്തു.

ഭാര്യ കിടന്നിരുന്ന മുറിയിലേക്ക് ഭര്‍ത്താവിനെ വീല്‍ചെയറില്‍ കൊണ്ടുവന്നു. ദിവസങ്ങളുടെ ഇടവേളക്ക് ശേഷം പരസ്പരം കണ്ടുമുട്ടി നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു ഇരുവരുടെയും മരണം. ഇവരുടെ മകള്‍ സാറയാണ് വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ട്രിപ്പിന് പോയതിന്റെ മൂന്നാം ദിവസമാണ് ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്.

ഇരുവരും കോവിഡിന് എതിരെ കനത്ത ജാഗ്രത പുലര്‍ത്തിയിരുന്നുവെന്ന് ദമ്പതികളുടെ മകള്‍ പറഞ്ഞു. കോവിഡിനെതിരെ ഇത്രയും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും മരണവും മാതാപിതാക്കളെ പിടികൂടിയപ്പോള്‍ വാക്സിനേഷനെ ഗൗരവമായി എടുക്കാത്തവരുടെ സ്ഥിതി വളരെ പരിതാപകരമായിരിക്കുമെന്നും മകള്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here