ന്യൂഡൽഹി: ‘മറ്റുള്ളവരുമായി സ്വയം താരതമ്യപ്പെടുത്തരുത്. നിങ്ങളുടെ ജീവിതത്തിലെ നായിക നിങ്ങളാണ്. നിങ്ങളുടെ ശബ്ദവും നിങ്ങൾ തന്നെ. സ്വയം വിശ്വസിക്കുക “…

ഇന്ത്യൻ സുന്ദരി ഹർനാസ് സന്ധു തലയുയർത്തി നിന്ന് പുഞ്ചിരിയോടെ പറഞ്ഞു നിറുത്തിയതും നീണ്ട കരഘോഷം. ജഡ്ജിമാർ വിധിയെഴുതി, ഇവൾ തന്നെ വിശ്വസുന്ദരി.

സമ്മർദ്ദങ്ങളിൽ പതറുന്ന പുതിയ തലമുറ പെൺകുട്ടികൾക്ക് നൽകാനുള്ള ഉപദേശമെന്തെന്ന ഫൈനൽ റൗണ്ട് ചോദ്യത്തിനാണ് ഇരുപത്തിയൊന്നുകാരി ഹർനാസ് ആത്മവിശ്വാസമാണ് എല്ലാമെന്ന് മറുപടി നൽകി രാജ്യത്തിന് അഭിമാനമായത്.

ഇരുപത്തിയൊന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് മിസ് യൂണിവേഴ്സ് പട്ടം പഞ്ചാബി സുന്ദരി ഹർനാസ് ഇന്ത്യയിലെത്തിക്കുന്നത്. സുസ്മിത സെൻ (1994), ലാറ ദത്ത (2000) എന്നിവരാണ് ഇതിന് മുൻപ് മിസ് യൂണിവേഴ്സായ ഇന്ത്യക്കാർ. കഴിഞ്ഞ വർഷം ഇന്ത്യയുടെ അഡ്‌ലിൻ കാസ്റ്റെലിനോ മിസ് യൂണിവേഴ്സ് മൂന്നാം റണ്ണറപ്പായിരുന്നു.
ഇത്തവണ, പരാഗ്വയുടെ നാദിയ ഫെരേര ഫസ്റ്റും ദക്ഷിണാഫ്രിക്കയുടെ ലാലേല സ്‌വാനെ സെക്കൻഡും റണ്ണറപ്പായി. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 80 സുന്ദരിമാരാണ് മാറ്റുരച്ചത്. ഇസ്രയേലിലെ എയിലേറ്റിലായിരുന്നു സൗന്ദര്യ മത്സരം. മിസ് യൂണിവേഴ്സ് എഴുപതാം പതിപ്പായിരുന്നു ഇത്തവണ.
ചണ്ഡിഗഢ് സ്വദേശിയായ ഹർനാസ് പഞ്ചാബിലാണ് ജനിച്ചു വളർന്നത്. മിസ് ചണ്ഡീഗഢ് 2017, മിസ് മാക്സ് എമേർജിംഗ് സ്റ്റാർ ഇന്ത്യ 2018, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയിരുന്നു ഹർനാസ്. മോഡലായ ഹർനാസ് ഏതാനും പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ചണ്ഡിഗഢിലെ ശിവാലിക് പബ്ലിക് സ്കൂൾ, പോസ്റ്റ് ഗ്രാഡ്വേറ്റ് കോളേജ് ഫോർ ഗേൾസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം പബ്ലിക് അഡിമിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണ്.

 

പ്രീതം സിംഗ് ആണ് ഹർനാസിന്റെ പിതാവ്. അമ്മ ഡോക്ടർ രവിന്ദർ കൗർ സന്ധു (റൂബി ). ഹർനൂർ സിംഗ് സഹോദരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here