ദുബായിൽ നിന്നുള്ള ഫ്ലൈദുബായ് വിമാനം റഷ്യയിൽ തകർന്ന സംഭവത്തിൽ യുഎഇ ഞെട്ടലിൽ. തെക്ക് പടിഞ്ഞാറൻ റഷ്യയിലെ റോസ്തോവ് ഒാൺ ഡോൺ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിക്കുമ്പോൾ ഇന്ന്(ശനി) രാവിലെ 4.50നാണ് 737–800 ബോയിങ് വിമാനം തകർന്നത്. ​ശക്തമായ കാറ്റു കാരണം ആദ്യ തവണ ഇറങ്ങാൻ സാധിക്കാത്തതിനാൽ രണ്ടാം തവണ ശ്രമിക്കുമ്പോഴായിരുന്നു അപകടം.​ വിമാനം താഴേയ്ക്ക് പതിച്ച് വലിയ തീഗോളമാകുന്നത് ​റഷ്യയുടെ അടിയന്തര ഘട്ട മന്ത്രാലയം പുറത്തുവിട്ട​ സിസിടിവി​ ദൃശ്യങ്ങളിൽ കാണാം.

നാല് കുട്ടികളടക്കം 55 യാത്രക്കാരും 7 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ​ഇതിൽ ഭൂരിഭാഗവും റഷ്യക്കാരാണ്. മൂന്ന് വിദേശികളും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. ​ഇവരെല്ലാവരും മരിച്ചതായി അധികൃതർ പറഞ്ഞു. രാജ്യാന്തര ടെലിവിഷൻ ചാനലുകളും ഒാൺലൈൻ മാധ്യമങ്ങളും അപ്പോൾ തന്നെ വാർത്ത റിപ്പോർട്ട് ചെയ്തു. മലയാളികളടക്കം ഒട്ടേറെപ്പേർ ഫ്ലൈദുബായിൽ ജോലി ചെയ്യുന്നു. ഇതിൽ എയർഹോസ്റ്റസുമാരുമുണ്ട്. എന്നാൽ ഇവരാരെങ്കിലും അപകടത്തിൽപ്പെട്ടിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. തങ്ങളുടെ ആരെങ്കിലും ദുരന്തത്തിൽപ്പെട്ടിട്ടുണ്ടോ എന്നറിയാൻ വാർത്തയറിഞ്ഞയുടൻ പരസ്പരം ഫോൺ വിളികളായിരുന്നു. സെക്കൻഡിൽ 14 മുതൽ 22 മീറ്റർവരെ(മണിക്കൂറിൽ 30–50 മൈൽ) ആഞ്ഞടിച്ച കാറ്റാണ് ദുരന്തത്തിന് കാരണമായതെന്നാണ് ആദ്യ റിപ്പോർട്ടുകൾ. വിമാനത്തിലെ യാത്രക്കാരെക്കുറിച്ചറിയാൻ ബന്ധപ്പെടേണ്ട നമ്പർ:44 203 4508 853 or “00971 4 293 4100.

ഇന്നലെ(വെള്ളി) പ്രാദേശിക സമയം രാത്രി 10.20നായിരുന്നു വിമാനം ദുബായിൽ നിന്ന് പുറപ്പെട്ടത്. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഖേഖരിച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. 2009ലാണ് ദുബായിയുടെ ബജറ്റ് വിമാനമായ ഫ്ലൈദുബായ് പ്രവർത്തനം ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here