ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ കടന്നുപോകുന്നത് നിർണായക നിമിഷങ്ങളിലൂടെയെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. എല്ലാവർക്കും തുല്യനീതി നടപ്പാക്കുകയായിരുന്നു തന്റെ ലക്ഷ്യം. ലോകത്തിനു മുന്നില്‍ പാക്കിസ്ഥാനികൾ മുട്ടിലിഴയുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാക്കിസ്ഥാൻ ദേശീയ അസംബ്ലി ചർച്ച ചെയ്യാനിരിക്കെയാണ് അദ്ദേഹത്തിന്റെ വൈകാരിക പ്രതികരണം.

യുഎസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ഇമ്രാൻ ഖാൻ, സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നിൽ യുഎസ് ആണെന്ന് ആരോപിച്ചു. പ്രതിപക്ഷത്തിന് യുഎസിനെ ഭയമാണ്. താന്‍ തുടർന്നാൽ പാക്കിസ്ഥാന് വൻ തിരിച്ചടിയുണ്ടാകുമെന്ന് എംബസി വഴി യുഎസ് ഭീഷണിപ്പെടുത്തി. പാക്കിസ്ഥാന്റെ വിദേശനയം ഇന്ത്യാ വിരുദ്ധമോ യുഎസ് വിരുദ്ധമോ അല്ലെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.

മുൻ പ്രധാനമന്ത്രിമാരായ നവാസ് ഷെരീഫും പർവേസ് മുഷ്റഫും ഇന്ത്യയുമായി രഹസ്യചർച്ചകൾ നടത്തിയിരുന്നുവെന്നും ഇമ്രാൻ പറഞ്ഞു. നവാസ് ഷെരീഫ് നേപ്പാളിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും ഇമ്രാൻ ആരോപിച്ചു. പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കില്ല. ക്രിക്കറ്റിലേതു പോലെ അവസാന പന്ത് വരെ പൊരുതും. പ്രതിപക്ഷം വിദേശരാജ്യവുമായി ചേർന്ന് പാക്കിസ്ഥാനെ ചതിച്ചു. പ്രതിപക്ഷ നേതാക്കൾക്ക് പാക്ക് ജനത മാപ്പു നൽകില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇമ്രാനെതിരായ അവിശ്വാസപ്രമേയം പാക്കിസ്ഥാൻ ദേശീയ അസംബ്ലി വ്യാഴാഴ്ച ചർച്ച ചെയ്തിരുന്നില്ല. പ്രമേയത്തിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിനു പിന്നാലെ ചർച്ച മാറ്റുകയായിരുന്നു. ഇന്നത്തേയ്ക്കു പിരിഞ്ഞ സഭ, ഞായറാഴ്ച (ഏപ്രിൽ 3) വീണ്ടും ചേരുമെന്ന് ഡപ്യൂട്ടി സ്പീക്കർ ഖാസിം സുരി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here