കൊളംബോ: ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടർന്ന് ശ്രീലങ്കയിൽ ഇന്നലെ മുതൽ ഒരാഴ്ചത്തേക്ക് സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എല്ലാ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങൾക്കും ഉത്തരവ് ബാധകമാണെന്നും അടുത്ത അവധിക്കാലത്ത് സ്‌കൂളുകൾ സിലബസ് പഠിപ്പിച്ച് പൂർത്തിയാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. കഴിഞ്ഞ ജൂൺ 18നും ഒരാഴ്ചത്തേക്ക് സ്‌കൂളുകൾ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
ഓൺലൈൻ വഴി ക്ലാസുകൾ നടത്താൻ സ്കൂൾ അധികൃതരോട് ശ്രീലങ്കൻ വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി നിഹാൽ രണസിംഗ ആവശ്യപ്പെട്ടു. ഗതാഗത ബുദ്ധിമുട്ടുകൾ ബാധിക്കാത്ത ഡിവിഷനൽ തലത്തിലുള്ള സ്‌കൂളുകൾക്ക് ക്ലാസുകൾ നടത്താമെന്നും അദ്ദേഹം പറഞ്ഞു.

പ്രവൃത്തിദിവസങ്ങളിൽ ഓൺലൈൻ അദ്ധ്യാപനം സുഗമമാക്കുന്നതിന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ വൈദ്യുതി മുടങ്ങില്ലെന്ന് ശ്രീലങ്കയിലെ പബ്ലിക് യൂട്ടിലിറ്റി കമ്മിഷൻ സമ്മതിച്ചതായും അദ്ദേഹം അറിയിച്ചു.

അതിനിടെ, വൈദ്യുതി മുടങ്ങുന്നത് മൂലം കൊളംബോ നഗര പരിധിയിലെ എല്ലാ സർക്കാർ, എയ്ഡഡ് സ്‌കൂളുകളും മറ്റ് പ്രവിശ്യകളിലെ മറ്റ് പ്രധാന നഗരങ്ങളിലെ സ്‌കൂളുകളും അടുത്ത ആഴ്ച അടച്ചിടുമെന്ന് ശ്രീലങ്കൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here