പാനമ സിറ്റി : വിദേശത്തുനിന്നുള്ള ഹാക്കിങ്ങിന് ഇരയായാണ് തങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ന്നതെന്ന് പാനമയിലെ കള്ളപ്പണ നിക്ഷേപത്തിന് വഴിയൊരുക്കിയ മൊസാക് ഫൊന്‍സേക. തങ്ങളുടെ സ്ഥാപനത്തിനുള്ളില്‍നിന്നല്ല സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ ചോര്‍ന്നതെന്നും സ്ഥാപകരില്‍ ഒരാളായ റമോണ്‍ ഫൊന്‍സേക അവകാശപ്പെട്ടു. വിദേശത്തുള്ള സെര്‍വറുകള്‍ ഉപയോഗിച്ചാണ് ഹാക്കിങ്ങെന്ന് അദ്ദേഹം ആരോപിച്ചു. ഇതുസംബന്ധിച്ച് പാനമയിലെ അറ്റോര്‍ണി ജനറല്‍ ഓഫീസില്‍ കമ്പനി പരാതി നല്‍കി. 

തങ്ങളുടെ ഇ മെയില്‍ സെര്‍വര്‍ ഹാക്ക് ചെയ്യപ്പെട്ടതായി കഴിഞ്ഞയാഴ്ച തങ്ങളുടെ ഇടപാടുകാര്‍ക്ക് ഇ മെയില്‍ അയച്ചതായി റിപ്പോര്‍ട്ടുണ്ട്. കമ്പനിയില്‍നിന്ന് ചോര്‍ത്തിയ രേഖ അനവസരത്തില്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നെന്ന്് ഫൊന്‍സേകയുടെ പിആര്‍ഒ ഗാര്‍ഡിയന്‍ പത്രത്തിന് എഴുതിയ കത്തില്‍ പറഞ്ഞു. നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

1.15 കോടി രേഖകളാണ് അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയുടെ പക്കല്‍ എത്തിയത്. രാഷ്ട്രത്തലവന്മാരടക്കം നൂറുകണക്കിന് പ്രമുഖരുടെ കള്ളപ്പണ നിക്ഷേപമാണ് ഇതുവഴി പുറത്തായാത്. പല രാജ്യങ്ങളിലും  വെളിപ്പെടുത്തലുകള്‍ വന്‍ പ്രത്യാഘാതമുണ്ടാക്കി. ഐസ്ലന്‍ഡ് പ്രധാനമന്ത്രി സിഗ്മന്ദര്‍ ഗണ്‍ലോസന് രാജിവയ്ക്കേണ്ടിവന്നു. 

ജര്‍മന്‍ പത്രമായ സ്യൂദെഷെ സെയ്തുങ്ങിനാണ് മൊസാക ഫൊന്‍സേകയില്‍നിന്നുള്ള 1.15 കോടി രേഖകള്‍ ആദ്യം ലഭ്യമായത്. അവര്‍ ഇത് ഇന്റര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സുമായി പങ്കിടുകയായിരുന്നു. 76 രാജ്യങ്ങളിലായി 107 മാധ്യമസ്ഥാപനങ്ങള്‍ രേഖകള്‍ പരിശോധിക്കുകയാണ്. നികുതിവെട്ടിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ പാനമ കമ്പനി ഇടപാടുകാരെ സഹായിച്ചതിന്റെ വിവരം ഇവയിലുണ്ട്.

കള്ളപ്പണ ഇടപാടുകളുടെ പേരില്‍ തങ്ങളുടെ രാജ്യത്തെ ബലിയാടാക്കാന്‍ അനുവദിക്കില്ലെന്ന് പാനമ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ‘മൂന്നാംകക്ഷികള്‍ പാനമയെ ബലിയാടാക്കുന്നത് അനുവദിക്കാനാകില്ല. ഇതില്‍ ഉള്‍പ്പെട്ട ഓരോ രാജ്യത്തിനും ഉത്തരവാദിത്തമുണ്ട്’– പാനമ പ്രസിഡന്റഷ്യല്‍ ചീഫ് ഓഫ് സ്റ്റാഫ് അല്‍വാരോ അലിമാന്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ പാനമയെ വീണ്ടും നികുതിവെട്ടിപ്പിന്റെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ഫ്രഞ്ച് ധനമന്ത്രി പറഞ്ഞു. വെളിപ്പെടുത്തലിനെക്കുറിച്ച് അന്വേഷിക്കാന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉന്നതല ജുഡീഷ്യല്‍ കമീഷന്‍ രൂപീകരിച്ചു.

പാനമ പേപ്പറില്‍ മലയാളിയും
തിരുവനന്തപുരം > പാനമയില്‍ കള്ളപ്പണം വെളുപ്പിച്ചവരുടെ കൂട്ടത്തില്‍ മലയാളിയും. ഇപ്പോള്‍ സിംഗപ്പുരില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയായ ചാര്‍ട്ടേഡ് അക്കൌണ്ടന്റ് ജോര്‍ജ് മാത്യുവാണ് രഹസ്യപ്പട്ടികയിലുള്ള മലയാളി. അനധികൃത നിക്ഷേപത്തിന് സഹായമൊരുക്കിയ പാനമയിലെ നിയമകാര്യ സ്ഥാപനമായ മൊസാക് ഫൊന്‍സേകയുടെ രേഖകളില്‍ ജോര്‍ജ് മാത്യുവിന്റെ സിംഗപ്പുരിലെയും കേരളത്തിലെയും വിലാസങ്ങളുണ്ട്.

സോള്‍ റിഥം ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, സീ ബ്രിഡ്ജ് ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ്, അസാസ്കല്‍ അസറ്റ് ഹോള്‍ഡിങ് ലിമിറ്റഡ്, ഹാള്‍വുഡ് എന്റര്‍പ്രൈസസ് ലിമിറ്റഡ്, ദ വണ്ടര്‍ഫുള്‍ സൊല്യൂഷന്‍സ് കോര്‍പറേഷന്‍ എന്നീ കമ്പനികളുടെ പവര്‍ ഓഫ് അറ്റോര്‍ണി ജോര്‍ജ് മാത്യുവിന്റെ പേരിലാണ്.
അതേസമയം, 12 വര്‍ഷംമുമ്പ് സിംഗപ്പുരിലേക്ക് താമസം മാറിയതിനാല്‍ ഇന്ത്യയിലെ റിസര്‍വ് ബാങ്ക് നിയമങ്ങളോ ആദായനികുതിവകുപ്പിന്റെ നിയമങ്ങളോ തനിക്ക് ബാധകമല്ലെന്ന് ജോര്‍ജ് മാത്യു മാധ്യമങ്ങളോട് പ്രതികരിച്ചു. സിംഗപ്പുരിലുള്ള ഇടപാടുകാരുടെ കമ്പനികളാണ് തന്റെ പേരില്‍ പാനമയിലുള്ളതെന്നും ജോര്‍ജ് മാത്യു പറഞ്ഞു.
 

നീര റാഡിയക്കും നിക്ഷേപം
പാനമ സിറ്റി > വമ്പന്‍മാരുമായുള്ള ടെലിഫോണ്‍ സംഭാഷണത്തിലൂടെ വിവാദനായികയായി മാറിയ നീര റാഡിയയുടെ പേരും പനാമ പേപ്പറില്‍. വൈഷ്ണവി കമ്യൂണിക്കേഷന്‍സ് എന്ന പബ്ളിക് റിലേഷന്‍സ് സ്ഥാപനത്തിന്റെ മറവില്‍ മന്ത്രിമാര്‍, മാധ്യമപ്രവര്‍ത്തകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുമായി റാഡിയ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിവാദമായത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ പത്തോളം രാജ്യത്ത് ഇവരുടെ സ്വത്തുക്കളും നിക്ഷേപങ്ങളും കണ്ടെത്തിയിരുന്നു.

ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപില്‍ നീരയ്ക്ക് കള്ളപ്പണനിക്ഷേപം ഉള്ളതായാണ് വിവരം. ക്രൌണ്‍മാര്‍ട്ട് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ലിമിറ്റഡ് എന്ന കമ്പനിയിലാണ് ഇവര്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.

ഇത് നീര റാഡിയയുടെ അച്ഛന്റെ സമ്പാദ്യമാണെന്നും മകള്‍ ഇതിന്റെ ഗുണഭോക്താവല്ലെന്നും റാഡിയയുടെ ഓഫീസ് പ്രതികരിച്ചു. പനാമ രേഖകളില്‍ റാഡിയ ബ്രിട്ടീഷ് പൌരത്വമുള്ള വ്യക്തിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here