ബ്രസല്‍സ് : നവംബറില്‍ പാരിസിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഇസ്ളാമിക് സ്റ്റേറ്റ് ഭീകരര്‍ പിടിയിലായി. ബ്രസല്‍സില്‍ വച്ചാണ് മുഹമ്മദ് അബ്രീനിയെ പിടികൂടിയത്. കഴിഞ്ഞ മാസം ബ്രസല്‍സ് വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലും  ഉണ്ടായ ആക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്.

മാര്‍ച്ച് 22ന് ആക്രമണം നടന്ന ബ്രസല്‍സ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അബ്രീനിയെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളില്‍ തൊപ്പി ധരിച്ച വ്യക്തിയെന്ന് സംശയിക്കുന്നത് ഇയാളാണെന്നാണ് അധികൃതര്‍ പറയുന്നത്. 31 കാരനായ അബ്രീനി ബ്രസല്‍സ് സ്വദേശിയാണ്. എന്നാല്‍, അബ്രീനിക്ക് ആക്രമണവുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒസാമ കെ എന്നു പേരുള്ള മറ്റൊരാളെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാവേറായി പൊട്ടിത്തെറിച്ച ഖാലിദ് അല്‍ ബക്രോയിക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തത് ഇയാളാണെന്നാണ് പറയപ്പെടുന്നത്.

അറസ്റ്റ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന ബെല്‍ജിയം സുരക്ഷാ സര്‍വീസിന്റെ വലിയ നേട്ടമാകുമിത്. നവംബറില്‍ പാരിസിലുണ്ടായ ആക്രമണത്തില്‍ 130 പേരാണ് മരിച്ചത്.  ബ്രസല്‍സിലുണ്ടായ ഇരട്ട ആക്രമണങ്ങളില്‍  37പേര്‍ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here