കിം ജോങ് ഉന്നിന് മൂന്നു മക്കളുണ്ടെന്നാണ് പുറംലോകത്തിനുളള വിവരം. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. ഇവരില്‍ ഒരാളുടെ ചിത്രം സെപ്തംബറില്‍ ദേശീയ ദിനത്തിന്റെ ആഘോഷത്തിനിടെ പുറത്തുവന്നിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മകളുടെ ചിത്രം ആദ്യമായി പുറത്തുവിട്ടു. ആണവ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണ വിക്ഷേപണത്തിനു മുന്‍പ് ഉന്നിനൊപ്പം പരിശോധന നടത്തുന്ന കൗമാരക്കാരിയായി മകളുടെ ചിത്രമാണ് ലോകത്തിനു മുന്നില്‍ ആദ്യമായി എത്തിയിരിക്കുന്നത്. പിതാവിന്റെ കൈപിടിച്ചാണ് മകള്‍ മിസൈല്‍ പരിശോധനയ്ക്ക് എത്തിയത്.

ശനിയാഴ്ചയാണ് വാര്‍ത്ത ഏജന്‍സിയായ കെസിഎന്‍എ ചിത്രം പുറത്തുവിട്ടത്. ഭൂഖണ്ഡാന്തര ബാലിസ്റ്റി മിസൈല്‍ ആയ വസോങ്-17 വെള്ളിയാഴ്ച പരീക്ഷിച്ചുവെന്നാണ് ഉത്തര കൊറിയ അറിയിച്ചിരിക്കുന്നത്.

 

സ്ഥലത്ത് ഉന്നിന്റെ മകളുടെ സാന്നിധ്യമാണ് ഏറെ ശ്രദ്ധനേടിയത്. എന്നാല്‍ കുട്ടിയുടെ പേര് വാര്‍ത്ത ഏജന്‍സി പുറത്തുവിട്ടിട്ടില്ല. വെളുത്ത പഫികോട്ട് ധരിച്ച് പിതാവിന്റെ കൈപിടിച്ചാണ് മകള്‍ നടക്കുന്നത്.

കിം ജോങ് ഉന്നിന് മൂന്നു മക്കളുണ്ടെന്നാണ് പുറംലോകത്തിനുളള വിവരം. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. ഇവരില്‍ ഒരാളുടെ ചിത്രം സെപ്തംബറില്‍ ദേശീയ ദിനത്തിന്റെ ആഘോഷത്തിനിടെ പുറത്തുവന്നിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. കിം മകളെ പൊതുവേദിയില്‍ എത്തിക്കുന്നതിന്റെ ഭാഗമാണ് മിസൈല്‍ പരീക്ഷണ വേദിയില്‍ എത്തിച്ചതെന്നാണ് അമേരിക്കയിലെ സ്റ്റിംസണ്‍ സെന്ററില്‍ ഉള്ള കൊറിയന്‍ വിഷയങ്ങളിലെ വിദഗ്ധന്‍ മൈക്കല്‍ മാഡ്ഡെന്‍ പറയുന്നു.

കിമ്മിന് ‘ജു എ’ എന്ന് പേരുള്ള ഒരു കൊച്ചു പെണ്‍കുട്ടിയുണ്ടെന്ന് 2013ല്‍ മുന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം ഡെന്നീസ് റോഡ്മാന്‍ വെളിപ്പെടുത്തിയിരുന്നു. ആ വര്‍ഷം ഉത്തര കൊറിയയില്‍ സന്ദര്‍ശനത്തിന് പോയ താരം കിമ്മിനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിച്ചിരുന്നു. കുട്ടിയെ എടുക്കുകയും ചെയ്തിരുന്നുവെന്ന് താരം പിന്നീട് ഗാര്‍ഡിയന്‍ പത്രത്തോട് വെളിപ്പെടുത്തിയിരുന്നു.

ജു എയ്ക്ക് ഇപ്പോള്‍ 12-13 വയസ്സ് ആയിക്കാണുമെന്നും അഞ്ചാറ് വര്‍ഷത്തിനുള്ളില്‍ യൂണിവേഴ്‌സിറ്റി പഠനത്തിനോ സൈനിക സേവനത്തിനോട തയ്യാറെടുക്കുമെന്നും മാഡ്ഡെന്‍ പറയുന്നു. ഭരണനേതൃത്വത്തിലേക്ക് മകളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള വിദ്യാഭ്യാസവും പരിശീലനവുമായിരിക്കാം നല്‍കാന്‍ പോകുന്നത്. നിര്‍ണായക കേന്ദ്ര നേതൃത്വത്തിലേക്കോ ഉപദേശകയുടെ റോളിലേക്കോ അല്ലെങ്കില്‍ കര്‍ട്ടന് പിന്നിലിരുന്ന് ഭരണം നിയന്ത്രിക്കുന്ന ആന്റിയെ പോലെയോ മകള്‍ എത്തിയേക്കുമെന്ന് മാഡ്ഡെന്‍ സൂചിപ്പിക്കുന്നു. കിമ്മിന്റെ ഭരണത്തില്‍ സഹോദരിക്ക് വലിയ സ്വാധീനമാണുള്ളത്.

കിം ഭരണം നിര്‍വഹിക്കാന്‍ അശക്തനാകുന്ന സാഹചര്യം വന്നാല്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നവരെ സഹോദരിയോ മറ്റേതെങ്കിലും വിശ്വസ്തരോ ഭരിക്കുമെന്നാണ് കരുതുന്നത്. മകളെ പൊതുവേദിയില്‍ എത്തിച്ചതോടെ ഉത്തരകൊറിയന്‍ ഭരണം പരമ്പാരാഗതമായി നാലാം തലമുറയിലേക്ക് എത്തുമെന്ന് ഉറപ്പായി.

ഏറ്റവും വിശിഷ്ട സദസ്സിലാണ് മകളെ കിം കൊണ്ടുവന്നത്. കിമ്മിന്റെ ഭാര്യ റി സോള്‍ ജു പോലും വളരെ അപൂര്‍വ്വമായി മാത്രമേ പൊതുവേദികളില്‍ എത്തിയിട്ടുള്ളുവെന്ന് വാര്‍ത്താ ഏജന്‍സി പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here