മിറ്റ്ലീനി (ഗ്രീസ്) ∙ അഭയാർഥിദുരിതം നേരിൽ കാണാൻ ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെ അഭയാർഥികേന്ദ്രത്തിലെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്കു വികാരനിർഭരമായ സ്വീകരണം. എക്യുമെനിക്കൽ പാത്രിയർക്കീസ് ബർത്തലോമിയോയും ഗ്രീസ് ഓർത്തഡോക്സ് സഭാ തലവൻ ആർച്ച് ബിഷപ് ഐറോനിമോസും ഒപ്പമുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം മൂവായിരംപേരാണ് അഭയാർഥികേന്ദ്രത്തിലുള്ളത്.

അഞ്ചു മണിക്കൂർ സന്ദർശനത്തിനുശേഷം 12 സിറിയൻ അഭയാർഥികളുമായാണു മാർപാപ്പ വത്തിക്കാനിലേക്കു മടങ്ങിയത്. അഭയാർഥികളെ മടക്കിവിടാനായി യൂറോപ്യൻ യൂണിയനും തുർക്കിയും തമ്മിലുണ്ടാക്കിയ വിവാദ ഉടമ്പടിയുടെ പശ്ചാത്തലത്തിലാണു സന്ദർശനം. യൂറോപ്യൻ രാജ്യങ്ങൾ അതിർത്തികൾ അടച്ചതോടെ ഗ്രീസിലെത്തുന്ന അഭയാർഥികളെ തുർക്കിയിലേക്കുതന്നെ തിരിച്ചയയ്ക്കാനാണ് ഉടമ്പടിയായത്. ഇതിനായി തുർക്കിക്കു യൂറോപ്യൻ യൂണിയൻ വൻതുക നഷ്ടപരിഹാരം നൽകും. ഇതോടെ പുതുതായി എത്തുന്ന അഭയാർഥികളെ ഗ്രീസ് അധികൃതർ തട‍ഞ്ഞുവയ്ക്കാൻ തുടങ്ങി.

ഇന്നലെ രാവിലെയെത്തിയ മാർപാപ്പയുടെ മുന്നിൽ അഭയാർഥികൾ കണ്ണീരോടെ ദുരിതം വിവരിച്ചു. ‘‘നിങ്ങൾ തനിച്ചല്ല, നിങ്ങളോടൊപ്പം ഞങ്ങളുണ്ട്; പ്രതീക്ഷ കൈവിടാതിരിക്കുക.’’ – മാർപാപ്പ പറഞ്ഞു. മൂന്നു സിറിയൻ കുടുംബങ്ങൾക്കാണു വത്തിക്കാനിൽ അഭയം ലഭിച്ചത്. അനാഥരായ ആറു കുട്ടികൾ അടക്കം 12 പേർ വത്തിക്കാനിലേക്കു മാർപാപ്പയ്ക്കൊപ്പം ഇന്നലെ വിമാനംകയറി. നേരത്തേ മിറ്റ്ലീനി വിമാനത്താവളത്തിലെത്തിയ പാപ്പയെ ഗ്രീസ് പ്രധാനമന്ത്രി അലക്സിസ് സിപ്രസ് സ്വീകരിച്ചു. തുടർന്ന് ഓർത്തഡോക്സ് സഭാ മേധാവികൾക്കൊപ്പമാണ് പാപ്പ അഭയാർഥികേന്ദ്രത്തിലേക്കു പോയത്. അഭയാർഥികൾക്കൊപ്പമായിരുന്നു ഉച്ചഭക്ഷണം.

ലെസ്‌ബോസിൽ അഭയാർഥികളെ തടഞ്ഞുവയ്ക്കുന്നതിനെതിരെ മനുഷ്യാവകാശ സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്. ഇയു – തുർക്കി ഉടമ്പടിക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നു പാപ്പയോട് ആംനസ്റ്റി ഇന്റർനാഷനലും ആവശ്യപ്പെട്ടു. ആഭ്യന്തരകലാപത്തിൽ തകർന്ന സിറിയ, അഫ്ഗാനിസ്ഥാൻ, ഇറാഖ് എന്നീ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികൾ തുർക്കി വഴി കടൽമാർഗമാണു ഗ്രീസിലെ ലെസ്ബോസ് ദ്വീപിലെത്തുന്നത്.

ഒരുവർഷത്തിനിടെ യൂറോപ്പിലെത്തിയ പത്തുലക്ഷത്തോളം അഭയാർഥികളിൽ എട്ടരലക്ഷംപേരും ലെസ്ബോസിലാണു വന്നിറങ്ങിയത്. എന്നാൽ, യൂറോപ്യൻ രാജ്യങ്ങൾ അതിർത്തികൾ അടച്ചതോടെ അഭയാർഥികൾ കൂടുതൽ ദുരിതത്തിലായി. ഗ്രീസിലെ ഇടതുപക്ഷ സർക്കാർ, മാർപാപ്പയുടെ സന്ദർശനം അത്യന്തം പ്രാധാന്യമേറിയതാണെന്നു വിശേഷിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here