ന്യൂഡൽഹി ∙ രണ്ടു ദശകം മുൻപ് ഡയാന രാജകുമാരി എത്തിയതു തനിച്ചായിരുന്നുവെങ്കിൽ, മകൻ വില്യം രാജകുമാരൻ ഇന്നലെ താജ് മഹൽ സന്ദർശിച്ചതു ഭാര്യ കേറ്റ് മിഡിൽടണിനൊപ്പം.

ബ്രിട്ടിഷ് രാജദമ്പതികളുടെ ഒരാഴ്ചത്തെ ഏഷ്യൻയാത്രയ്ക്കു പരിസമാപ്തിയായി താജ് സന്ദർശനം.

1992ലാണു ഡയാന രാജകുമാരി താജ്മഹൽ കാണാൻ തനിച്ചെത്തിയത്. 1997ൽ കാറപകടത്തിൽ ഡയാന മരിക്കുമ്പോൾ വില്യമിനു പ്രായം 15.

അമ്മയെ ഓർക്കാതെ ഒരുദിവസവും കടന്നുപോകാറില്ല. ഇന്നലെ താജിനു മുന്നിൽ നിൽക്കുമ്പോഴും അമ്മയെ ഓർത്തു വില്യം വികാരാധീനനായി.

ചാൾസ് രാജകുമാരനൊപ്പമുള്ള അസന്തുഷ്ട ദാമ്പത്യത്തിന്റെ കഥകൾ പ്രചരിച്ചുകൊണ്ടിരിക്കെയാണു 1992ൽ താജ് കാണാൻ ഡയാന തനിച്ചെത്തിയത്. മാസങ്ങൾക്കുശേഷം അവർ വേർപിരിയുകയും ചെയ്തു.

താജിന്റെ നാലു മിനാരങ്ങളിൽ മൂന്നെണ്ണത്തിലും ഇന്നലെ അറ്റകുറ്റപ്പണികൾ നടക്കുകയായിരുന്നു. എങ്കിലും താരദമ്പതികൾ ചരിത്രസ്മാരകത്തിനുമുന്നിൽ അപരാഹ്‌നസൂര്യപ്രഭയിൽ മനോഹരമായ ഫോട്ടോകൾക്കു പോസ് ചെയ്തു.

സമുദ്രനിരപ്പിൽനിന്ന് പതിനായിരം അടി ഉയരത്തിലുള്ള ഭൂട്ടാനിലെ ബുദ്ധവിഹാരങ്ങൾ സന്ദർശിച്ചശേഷം ഇന്നലെ രാവിലെ മഴയത്താണു ഭൂട്ടാനിലെ വിമാനത്താവളത്തിൽനിന്ന് ഇരുവരും പുറപ്പെട്ടത്. ഉച്ച കഴിഞ്ഞ് ആഗ്രയിൽ വിമാനമിറങ്ങിയതു 41 ഡിഗ്രി സെൽഷ്യസിൽ കനത്ത ചൂടിലും.

LEAVE A REPLY

Please enter your comment!
Please enter your name here