ഗാംബിയയിലേതിന് സമാനമായി ഉസ്‌ബെക്കിസ്ഥാനിലും ഇന്ത്യന്‍ നിര്‍മ്മിത മരുന്ന് കഴിച്ച കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച ഡോക് വണ്‍ മാക്‌സ് സിറപ്പ് കഴിച്ചതിന്റെ പാര്‍ശ്വഫലങ്ങള്‍ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കി എന്നാണ് റിപ്പോര്‍ട്ട്. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയണ്‍ ബയോടെക് ആണ് മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നത്. എതിലിന്‍ ഗ്ലൈസോള്‍ എന്ന അപകടകരമായ രാസപദാര്‍ത്ഥം മരുന്നില്‍ കണ്ടെത്തിയതായും ഉസ്‌ബെക്കിസ്ഥാന്‍ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

സംഭവത്തില്‍ ലോകാരോഗ്യ സംഘടന അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേരത്തെ ഈ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഗാംബിയയില്‍ 5 വയസ്സില്‍ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ നിര്‍മ്മിത കഫ് സിറപ്പാണെന്ന ആരോപണം ഉയര്‍ന്നത്. ഹരിയാനയിലെ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ കഫ് സിറപ്പില്‍ അപകടകരമായ ഡയറ്റ്തലിന്‍ ഗ്ലൈകോള്‍ , എഥിലിന്‍ ഗ്ലൈകോള്‍ ഉയര്‍ന്ന അളവില്‍ കണ്ടെത്തിയെന്നാണ് ആരോപണം. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചാണ് മരണമെന്നും കണ്ടെത്തിയിരുന്നു.

നാല് മരുന്നുകളാണ് അപകടകാരികളായതെന്നാണ് കണ്ടെത്തല്‍. പീഡിയാട്രിക് വിഭാഗത്തില്‍ ഉപയോഗിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്‌സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പൂട്ടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here