കാബൂള്‍: ടിവിയിലൂടെ ലൈവായി സര്‍ട്ടിഫിക്കറ്റുകള്‍ കീറിഎറിഞ്ഞ് കാബൂള്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍. മുന്‍ അഫ്ഗാന്‍ സര്‍ക്കാറിലെ നയ ഉപദേഷ്ടാവായിരുന്ന ശബ്‌നം നസിമിയാണ് ഇതിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘ഒരു കാബൂള്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ അഫ്ഗാനിസ്ഥാനിലെ തത്സമയ ലൈവ് ഷോയില്‍ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നശിപ്പിക്കുന്ന രംഗങ്ങള്‍’ എന്ന് പറഞ്ഞാണ് അവര്‍ ഈ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

‘എന്റെ സഹോദരിമാര്‍ക്കും, അമ്മമാര്‍ക്കും ലഭിക്കാത്ത വിദ്യാഭ്യാസം എനിക്ക് ലഭിച്ചിട്ടെന്തിന് എന്ന് പറഞ്ഞാണ് ഇദ്ദേഹം സര്‍ട്ടിഫിക്കറ്റുകള്‍ കീറുന്നത് എന്നാണ് ശബ്‌നം നസിമിയുടെ ട്വീറ്റില്‍ പറയുന്നത്. അഫ്ഗാന്‍ ഭരിക്കുന്ന താലിബാന്‍ പെണ്‍കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ അഫ്ഗാനില്‍ തന്നെ പ്രതിഷേധം ഉയരുകയാണ്. ”ഞങ്ങളുടെ സഹോദരിമാര്‍ക്ക് നിഷേധിക്കപ്പെടുന്ന വിദ്യാഭ്യാസം ഞങ്ങള്‍ക്കും വേണ്ട. പെണ്‍കുട്ടികള്‍ ക്ലാസില്‍ എത്തുന്നതു വരെ ഞങ്ങളും ക്ലാസില്‍ ഇരിക്കുന്നില്ല.” എന്ന മുദ്രവാക്യവുമായി കഴിഞ്ഞ ദിവസം വാര്‍ത്തയായത് കാബൂള്‍ സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ത്ഥിയാണ്.

അഫ്ഗാനിസ്താനില്‍ സ്ത്രീകള്‍ക്ക് കോളജ് വിദ്യാഭ്യാസം വിലക്കിയ താലിബാന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ്, പേരു വെളിപ്പെടുത്താത്ത ഈ വിദ്യാര്‍ത്ഥി അടക്കം നിരവധി ആണ്‍ കുട്ടികള്‍ ക്ലാസുകള്‍ ബഹിഷ്‌കരിച്ചത്. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസാണ് സ്ത്രീകളെ ഉന്നതവിദ്യാഭ്യാസത്തില്‍നിന്നും മാറ്റിനിര്‍ത്തുന്നതിനെതിരെ അഫ്ഗാന്‍ കാമ്പസുകളില്‍ ആണ്‍കുട്ടികളുടെ ഭാഗത്തു നിന്നുയരുന്ന പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്തത്.

സ്ത്രീകള്‍ക്ക് സര്‍വകലാശാല വിദ്യാഭ്യാസം വിലക്കിക്കൊണ്ടുള്ള അഫ്ഗാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഉത്തരവ് കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തുവന്നത്. കാമ്പസുകളിലെത്തിയ നിരവധി വിദ്യാര്‍ത്ഥിനികള്‍ ഇതിനെ തുടര്‍ന്ന് ക്ലാസില്‍ കയറാനാവാതെ തിരിച്ചു പോയിരുന്നു. ഇതിനെതിരെ അഫ്ഗാനിസ്താനിലടക്കം വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു. അമേരിക്ക അടക്കമുള്ള വിവിധ രാജ്യങ്ങള്‍ തീരുമാനം പിന്‍വലിക്കണമെന്ന് താലിബാനോട് ആവശ്യപ്പെട്ടു. യുഎന്‍ അടക്കം ഈ വിഷയത്തില്‍ താലിബാനു മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here