ലണ്ടന്‍: പതിനേഴാം വയസ്സില്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് ബ്രിട്ടനിലെ ഹാരി രാജകുമാരന്‍. തന്റെ ആത്മകഥയിലാണ് ഹാരി ദുരനുഭവം വെളിപ്പെടുത്തിയത്. 17ാം വയസ്സില്‍ ഒരു സ്ത്രീ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന് ഹാരി വ്യക്തമാക്കി. പബ്ബിന് പിന്നിലെ വയലില്‍ വെച്ചാണ് തന്നേക്കാള്‍ പ്രായമുള്ള സ്ത്രീ തന്നെ ലൈംഗികമായി ഉപയോഗിച്ചത്. അന്ന് താന്‍ മയക്കുമരുന്ന് ഉപയോഗിച്ചതായും ഹാരി വെളിപ്പെടുത്തി. അതേസമയം, ആത്മകഥ വിവാദമായതോടെ സ്പാനിഷ് പതിപ്പ് പിന്‍വലിച്ചു. ഈ മാസം 10നാണ് ആത്മകഥ പുറത്തിറക്കാനിരുന്നതെങ്കിലും സ്പാനിഷ് പതിപ്പ് നേരത്തെ പുറത്തിറങ്ങുകയായിരുന്നു. മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ആത്മകഥയിലെ വിവാദഭാഗങ്ങള്‍ പുറത്തായി. ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ഹാരി രാജകുമാരന്റെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ താലിബാന്‍ രംഗത്തെത്തി. ഹാരി കൊന്നു തള്ളിയവര്‍ ചതുരംഗത്തിലെ കരുക്കള്‍ അല്ലെന്നും ബന്ധങ്ങളും കുടുംബവുമുള്ള മനുഷ്യര്‍ ആയിരുന്നുവെന്നും താലിബാന്‍ നേതാവ് അനസ് ഹഖാനി പറഞ്ഞു. ചാള്‍സ് രാജാവിന്റെയും ഡയാന രാജകുമാരിയുടെയും മകന്‍ ഹാരി, 42ാം വയസില്‍ ‘സ്‌പെയര്‍’ എന്ന പുസ്തകത്തിലൂടെ ഉയര്‍ത്തിവിട്ടിരിക്കുന്നത് ബ്രിട്ടനില്‍ ഒതുങ്ങാത്ത വിവാദ കൊടുങ്കാറ്റാണ്. വ്യോമസേനയില്‍ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന കാലത്ത് 25 താലിബാന്‍കാരെ താന്‍ കൊലപ്പെടുത്തി എന്നാണ് ഹാരിയുടെ അവകാശവാദം. ഈ പരാമര്‍ശം ഹാരിയുടെ തന്നെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഹാരിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് താലിബാന്‍ നേതാവ് അനസ് ഹഖാനി പ്രതികരിച്ചത്. ഹാരി, നിങ്ങള്‍ കൊന്നുതള്ളിയത് ചെസ് കളത്തിലെ കരുക്കളെയല്ല, പച്ച മനുഷ്യരെ ആയിരുന്നുവെന്ന് താലിബാന്‍ നേതാവ് ട്വീറ്റ് ചെയ്തു. രാജ്യസുരക്ഷയെ അപായപ്പെടുത്തുന്ന പ്രസ്താവനയാണ് ഹാരിയുടേതെന്ന അഭിപ്രായം ചില മുന്‍ സൈനിക ഉദ്യോഗസ്ഥരും പ്രകടിപ്പിച്ചു.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ അന്തപുരത്തിലെ ലജ്ജിപ്പിക്കുന്ന തമ്മിലടികളുടെ കഥകള്‍ നിറഞ്ഞ പുസ്തകം മറ്റന്നാള്‍ ആണ് വിപണിയിലെത്തുന്നത്. ഇതിനകം പുറത്തുവന്ന ഭാഗങ്ങളില്‍ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ ആണ്. ഹാരിയുടെ ഭാര്യ മേഗനെ ചൊല്ലി ഒരിക്കല്‍ വില്യമും ഹാരിയും കയ്യാങ്കളിയിലെത്തി. വില്യം തന്നെ കഴുത്തിന് പിടിച്ചു തള്ളി നിലത്തിട്ടുവെന്നും തനിക്ക് പരിക്കേറ്റെന്നും ഹാരി പുസ്തകത്തില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here