ബീജീങ്: ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള ചൈനയില്‍ ആറുപതിറ്റാണ്ടിന് ശേഷം ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തി. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ചൊവ്വാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് ജനസംഖ്യയില്‍ ചരിത്രപരമായ ഇടിവ് രേഖപ്പെടുത്തി. ജനനനിരക്കില്‍ സ്ഥിരമായ ഇടിവിന് ശേഷമാണ് ആദ്യമായി ജനസംഖ്യയില്‍ കുറവ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശികള്‍ ഒഴികെ, ചൈനയിലെ ജനസംഖ്യയില്‍ 2022ല്‍ 850,000 പേര്‍ കുറഞ്ഞ് 1.41 ബില്യണായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്‌സ് ബ്യൂറോ അറിയിച്ചു. 2022-ല്‍ രാജ്യത്ത് 9.56 ദശലക്ഷം ജനനങ്ങളും 10.41 ദശലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.

നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച്, 2021 അവസാനത്തോടെ ചൈനയിലെ ജനസംഖ്യ 480,000 വര്‍ധിച്ച് 1.41 ബില്യണ്‍ ആയി ഉയര്‍ന്നു. 2020ല്‍ ജനനനിരക്ക് 20 ശതമാനവും 2021ല്‍ 13ശതമാനവും കുറഞ്ഞിരുന്നു. 1960-കളുടെ തുടക്കത്തിലാണ് ചൈന അവസാനമായി നെഗറ്റീവ് ജനസംഖ്യാ വളര്‍ച്ച രേഖപ്പെടുത്തിയതെന്ന് ചൈനയുടെ ഒറ്റക്കുട്ടി നയത്തിന്റെ വിമര്‍ശകനും ‘ബിഗ് കണ്‍ട്രി വിത്ത് എ എംപ്റ്റി നെസ്റ്റ്’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ യി ഫുസിയാന്‍ പറഞ്ഞു. അതേസമയം, 2022 ഡിസംബര്‍ എട്ടിനും 2023 ജനുവരി 12 നും ഇടയില്‍ ചൈനീസ് ആശുപത്രികളില്‍ 60,000 ത്തോളം ആളുകള്‍ കൊവിഡ് -19 ബാധിച്ച് മരിച്ചതായി ആരോഗ്യ അധികാരികള്‍ വെളിപ്പെടുത്തിയതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.

ചൈനയില്‍ ആറു പതിറ്റാണ്ടിനിടെ ആദ്യമായി മരണങ്ങള്‍ കഴിഞ്ഞ വര്‍ഷം ജനനത്തേക്കാള്‍ കൂടുതലായി, ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ പ്രകാരം 2022-ല്‍ ചൈനയില്‍ 9.56 ദശലക്ഷം ജനനങ്ങള്‍ നടന്നപ്പോള്‍ 10.41 ദശലക്ഷം ആളുകള്‍ മരിച്ചു. 1960-കളുടെ തുടക്കത്തില്‍, മാവോ സേതുങ്ങിന്റെ ‘ഗ്രേറ്റ് ലീപ് ഫോര്‍വേഡ്’ സമയത്താണ് ചൈനയില്‍ ജനനത്തേക്കാള്‍ മരണങ്ങള്‍ കൂടുതലായത് റിപ്പോര്‍ട്ട് ചെയ്തത്. ആയുര്‍ദൈര്‍ഘ്യത്തിലെ ഉയര്‍ച്ചയോടൊപ്പം ജനസംഖ്യ കുറയുന്നത് ചൈനയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും ചൈനയുടെ സമ്പദ്വ്യവസ്ഥയ്ക്കും മാത്രമല്ല, ലോകത്തിനും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ പറഞ്ഞു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ലോകം കണ്ടിട്ടില്ലാത്ത ചൈനയെയാണ് ഞങ്ങള്‍ കാണാന്‍ പോകുന്നതെന്ന് ചൈനയിലെ ജനസംഖ്യാശാസ്ത്രത്തില്‍ വിദഗ്ധനായ ഇര്‍വിനിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍ വാങ് ഫെങ് പറഞ്ഞു. യുവാക്കളുടെ എണ്ണത്തില്‍ കുറവുവരികയും വൃദ്ധജനസംഖ്യയില്‍ ഉയര്‍ച്ചയുണ്ടാകുകയും ചെയ്യുമെന്നാണ് പ്രധാന ആശങ്ക. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ചൈന ഉല്‍പാദന രം?ഗത്ത് വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ചൈനയുടെ ജനസംഖ്യയിലെ ഇടിവ് ആഗോള തലത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിദ?ഗ്ധരുടെ അഭിപ്രായം. ഈ വര്‍ഷാവസാനം ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നേക്കും. ജനനനിരക്ക് കുറയ്ക്കാന്‍ ചൈനീസ് ഭരണകൂടം ഏറെക്കാലമായി നടപടി സ്വീകരിച്ചിരുന്നു.

എന്നാല്‍ ജനസംഖ്യ കുറക്കുന്നത് രാജ്യത്തെ ആകെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന പഠനങ്ങള്‍ വന്നതോടെ തിരുത്തി. 2016-ല്‍ 35 വര്‍ഷമായി നിലവിലിരുന്ന ഒരു കുട്ടി നയത്തില്‍ ഇളവ് വരുത്തി. 2021-ല്‍ അവര്‍ കുട്ടികളുടെ പരിധി മൂന്നായി ഉയര്‍ത്തി. ജനന നിരക്ക് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു ദേശീയ നയം രൂപീകരിക്കുമെന്ന് ഷി ജീന്‍ പിങ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here