ഇസ്ലാമാബാദ്: പാകിസ്ഥാനെ ഞെട്ടിച്ച് തിങ്കളാഴ്ച പള്ളിയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാന്‍. തെഹരീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) നേതാവായിരുന്ന ഉമര്‍ഖാലിദ് ഖുറസാനിയുടെ സഹോദരനാണ് ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. ഉമര്‍ഖാലിദ് ഖുറസാനി ഓഗസ്റ്റില്‍ അഫ്ഗാനില്‍വെച്ച് കൊല്ലപ്പെട്ടിരുന്നു. സഹോദരന്റെ മരണത്തിനുള്ള പ്രതികാരമാണ് സ്‌ഫോടനം നടത്തിയതെന്നും സംഘടന അറിയിച്ചു. പാകിസ്ഥാന്‍ താലിബാന്‍ എന്നറിയപ്പെടുന്ന നിരോധിത സംഘടനയായ ടിടിപി നേരത്തെയും നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.

അതേസമയം സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 46 ആയി. 150ലേറെ പേര്‍ക്ക് പരിക്കേറ്റു. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കരസേനാ മേധാവി ജനറല്‍ അസിം മുനീറും പെഷവാറിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. സൈനിക മേധാവിയോടൊപ്പം പ്രധാനമന്ത്രി പെഷവാറിലെ ലേഡി റീഡിംഗ് ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചു. ആഭ്യന്തര മന്ത്രി റാണ സനാഉല്ലയും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചതായി വാര്‍ത്താവിതരണ മന്ത്രി മറിയം ഔറംഗസേബ് ട്വീറ്റ് ചെയ്തു.

പെഷാവറിലെ പൊലീസ് ലൈനിലെ പള്ളിയില്‍ ഉച്ച തിരിഞ്ഞ് 1.40 ഓടെയായിരുന്നു സ്‌ഫോടനം. പ്രാര്‍ത്ഥനയ്ക്കായി നിരവധി ആളുകള്‍ ഒത്തു കൂടിയ സമയത്തായിരുന്നു ആക്രമണം. പള്ളിക്കുള്ളില്‍ മുന്‍ നിരയില്‍ ഉണ്ടായിരുന്ന ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ പള്ളിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. പരിക്കേറ്റവരെ പൊലീസും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന് തൊട്ടുപിന്നാലെ പൊലീസ് പള്ളിയുടെ സമീപത്തേക്കുള്ള റോഡുകള്‍ അടച്ചു. പിന്നാലെ സൈന്യം പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here