ന്യൂസിലന്‍ഡിന്റെ വടക്കന്‍ മേഖലയിലാണ് ഗബ്രിയേല ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. ഓക്ക് ലാന്‍ഡ് ഉള്‍പ്പെടെ 5 മേഖലകളെ ചുഴലിക്കാറ്റും കനത്ത മഴയും തകര്‍ത്തെറിഞ്ഞു

ഓക്ക് ലാന്‍ഡ്: വമ്പന്‍ ചുഴലിക്കാറ്റില്‍ നിന്ന് രക്ഷ തേടുകയാണ് ന്യൂസിലാന്‍ഡ്. കനത്ത നാശനഷ്ടമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂസിലന്‍ഡിന്റെ വടക്കന്‍ മേഖലയിലാണ് ഗബ്രിയേല ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയത്. ഓക്ക് ലാന്‍ഡ് ഉള്‍പ്പെടെ 5 മേഖലകളെ ചുഴലിക്കാറ്റും കനത്ത മഴയും തകര്‍ത്തെറിഞ്ഞു . 58000 വീടുകളിലാണ് മേഖലയില്‍ വൈദ്യുതിബന്ധം താറുമാറായയത്. ഔദ്യോഗിക കണക്ക് പ്രകാരം അമ്പതിനായരത്തോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. യഥാര്‍ത്ഥ കണക്ക് അതിലുമേറെ വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തീരമേഖലകളില്‍ ഉയര്‍ന്ന തിരമാലകള്‍ കരയിലേക്ക് ഇരച്ച് കയറി. വീടുകള്‍ക്ക് മേല്‍ പലയിടത്തും കൂറ്റന്‍ മരങ്ങള്‍ വീണു. ജീവന്‍ രക്ഷിക്കാനായി ഇവിടത്തെ ജനങ്ങളെ മറ്റിടങ്ങളിലേക്ക് മാറ്റുകയാണ്‌ചെയ്യുന്നത്. ഓക്ക് ലാന്‍ഡ് ഉള്‍പ്പെടെ 5 മേഖലകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ ചുഴലിക്കാറ്റിനെ നേരിടുന്നത്. ദേശീയ അടിയന്തരാവസ്ഥ പരിഗണനയിലാണെന്ന് പ്രധാനമന്ത്രി ക്രിസ് ഹിപ്കിന്‍സ് വ്യക്തമാക്കുകയും 11.5 മില്യണ്‍ ന്യൂസിലാന്‍ഡ് ഡോളറിന്റെ അടിയന്തര ധനസഹായം ഈ മേഖലള്‍ക്കായി പ്രഖ്യാപിക്കുകയും ചെയ്തു.

 

ഇന്നും നാളെയും കനത്ത മഴയാണ് ന്യൂസിലാന്‍ഡ് കാലാവസ്ഥാ കേന്ദ്രമായ മെറ്റ് സര്‍വീസ് പ്രവചിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗബ്രിയേല ചുഴലികാറ്റ് ഭീഷണി ശക്തമായി തുടരുകയാണ്. പൊതുഗതാഗതവും വലിയ ഭീഷണിയിലാണ്. ഒരാഴ്ച മുന്‍പ് ഓക്ക് ലാന്‍ഡില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നാല് പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗബ്രിയേല ചുഴലിക്കാറ്റും കനത്ത നാശം വിതയ്ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here