റോം: ഭൂകമ്പം നടന്ന തുര്‍ക്കിയില്‍ നിന്നും വീണ്ടുമൊരു ദുരന്തവാര്‍ത്ത. പുതുജീവിതം തേടി കടല്‍മാര്‍ഗ്ഗം യൂറോപ്പിലേക്ക് പോയ സംഘത്തില്‍ ഒരു നവജാതശിശുവും 11 കുട്ടികള്‍ ഉള്‍പ്പെടെ 60 പേര്‍ മുങ്ങിമരിച്ചു. ഇവര്‍ സഞ്ചരിച്ച തടിബോട്ട് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് മുങ്ങിപ്പോകുകയായിരുന്നു.

അയോണിയന്‍ കടലില്‍ ഞായറാഴ്ച ഇറ്റാലിയന്‍ തീരത്തായിരുന്നു സംഭവം. ബോട്ടില്‍ 200 ലധികം ആള്‍ക്കാരുണ്ടായിരുന്നു. അനേകരെ കാണാതായിട്ടുണ്ട്. പ്രാഥമികമായി രേഖപ്പെടുത്തിയിട്ടുള്ളതാണ് 60 എന്ന സംഖ്യ. മരണം ഇനിയും കൂടിയേക്കുമെന്നാണ് ഇറ്റാലിയന്‍ അധികൃതര്‍ പറയുന്നത്. ഇറ്റാലിയന്‍ തീരദേശ ഗാര്‍ഡുകളുടെയും അഗ്നിശമന രക്ഷാ വിഭാഗത്തിന്റെയും ഇടപെടലില്‍ 81 പേരെ രക്ഷിച്ചെന്നും ഇവരില്‍ 20 പേരെ ആശുപത്രിയില്‍ ആക്കിയെന്നും മനുവേല ക്യൂറ പ്രവിശ്യാസര്‍ക്കാര്‍ പറഞ്ഞു. തീരത്തടിഞ്ഞവരില്‍ മാസങ്ങള്‍ പ്രായത്തിലുള്ള കുട്ടിയുമുണ്ട്.

 

കപ്പല്‍ തകര്‍ന്ന സ്ഥലത്ത് മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്ന രീതിയില്‍ കണ്ടെന്നും കുട്ടിയെ കയ്യിലേന്തിയ രണ്ടുപേരെ രക്ഷപ്പെടുത്തിയെന്നും രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ബോട്ടില്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും ഉണ്ടായിരുന്നതായിട്ടാണ് വിവരം. പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ഇസ്മിറില്‍ നിന്നും യാത്രതിരിച്ച ബോട്ട് സ്‌റ്റെക്കാറ്റോ ഡി കുര്‍ട്ടോയ്ക്ക് സമീപത്ത് വെച്ച് കടല്‍ക്ഷോഭത്തില്‍ പെടുകയായിരുന്നു എന്നാണ് വിവരം.

ആഭ്യന്തരകലാപവും ദാരിദ്ര്യവും നിമിത്തം യൂറോപ്പില്‍ മികച്ച ജീവിതം തേടി വന്‍തോതിലാണ് ആളുകള്‍ ഇറ്റലിവഴി യൂറോപ്പിലേക്ക് പ്രവേശിക്കുന്നത്. ഈ വര്‍ഷം ഇതുവരെ 14,000 കുടിയേറ്റക്കാരാണ് കടല്‍മാര്‍ഗ്ഗം ഇറ്റലിയില്‍ എത്തിയതെന്നും കഴിഞ്ഞ വര്‍ഷം ആദ്യത്തെ രണ്ടുമാസത്തിലെ കണക്കുകള്‍ 5,200 ആയിരുന്നെന്നും 2021 ല്‍ അത് 4,200 ആയിരുന്നെന്നുമാണ് ഇറ്റാലിയന്‍ അധികൃതര്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here