വടക്കന്‍ ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 36 പേര്‍ മരിച്ച അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീക്ക് ഭരണകൂടം. സംഭവത്തെ തുടര്‍ന്ന് ഗ്രീക്ക് ഗതാഗത മന്ത്രി കോസ്റ്റാസ് രാജി വെച്ചു. രാജ്യത്ത് വലിയ അപകടം സംഭവിക്കുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി രാജി വെച്ചത്. സംഭവത്തിന് പിന്നാലെ ലാരിസ സ്റ്റേഷന്‍ മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അപകടം അപ്രതീക്ഷിതമായിരുന്നുവെന്നും സംഭവത്തെ അപലപിക്കുന്നുവെന്നും ഗ്രീസ് പ്രധാനമന്ത്രി കിരിയാക്കോസ് മിറ്റ്സോട്ടാക്കിസ് പറഞ്ഞു. വീഴ്ചയെ കുറിച്ച് അന്വേഷിക്കുമെന്നും ഇത്തരത്തില്‍ ഒരു ദുരന്തം ഇനിയുണ്ടാകാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 7.30 ഓടെയായിരുന്നു അപകടം. പാസഞ്ചര്‍ ട്രെയിന്‍ തലസ്ഥാനമായ ഏഥന്‍സില്‍ നിന്ന് വടക്കന്‍ ഗ്രീക്ക് നഗരമായ തെസ്സലോനിക്കിയിലേക്ക് പോകുകയായിരുന്നു.

തെസ്സലോനിക്കിയില്‍ നിന്ന് ലാരിസയിലേക്കുള്ള യാത്രയിലായിരുന്നു ചരക്ക് ട്രെയിന്‍. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിലേക്ക് തീ പടര്‍ന്നതാണ് അപകടം തീവ്രമാക്കിയതെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലരുടെയും നില ഗുരുതരമായതിനാല്‍ മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ട്.പാസഞ്ചര്‍ ട്രെയിനില്‍ 342 യാത്രക്കാരും പത്ത് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ട്രെയിനുകള്‍ ഒരേ ട്രാക്കിലെത്താന്‍ കാരണമെന്താണെന്നത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here