ടോക്കിയോ : യുക്രെയിനിലെ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിക്ക് ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിലെ ഹിരോഷിമയിൽ ജി 7 ഉച്ചകോടിക്കിടെ ഇന്നലെ നടന്ന കൂടിക്കാഴ്‌ചയിലാണ് മോദിയുടെ ഉറപ്പ്.

റഷ്യൻ അധിനിവേശത്തിന് ശേഷം ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും പങ്കെടുത്തു.

കഴിഞ്ഞ സെപ്തംബറിൽ ഉസ്ബക്കിസ്ഥാനിൽ ഷാങ്ങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്‌ചയിൽ ഇത് യുദ്ധത്തിന്റെ യുഗമല്ല എന്ന് മോദി ഓർമ്മിപ്പിച്ചത് ലോകനേതാക്കൾ ഏറ്റെടുത്തിരുന്നു.

യുക്രെയിൻ യുദ്ധം ലോകത്തെ പല തരത്തിൽ ബാധിച്ചെന്ന് സെലെൻസ്‌കിയുമായുള്ള ചർച്ചയിൽ മോദി ചൂണ്ടിക്കാട്ടി. ഇത് മാനവരാശിയുടെയും മാനുഷിക മൂല്യങ്ങളുടെയും പ്രശ്നമാണ്. യുക്രെയിനിൽ നിന്ന് തിരിച്ചെത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ വിവരിച്ച ദുരിതങ്ങളിൽ നിന്ന് യുക്രെയിൻ ജനതയുടെ വേദന എനിക്ക് മനസിലാകും. ചർച്ചകൾക്കും നയതന്ത്ര നീക്കങ്ങൾക്കും ഇന്ത്യയുടെ പൂർണ പിന്തുണയുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയും വ്യക്തിപരമായി

ഞാനും സാദ്ധ്യമായതെല്ലാം ചെയ്യും – മോദി ഉറപ്പു നൽകി. യുക്രെയിൻ ജനതയ്‌ക്ക് മാനുഷിക സഹായങ്ങൾ തുടരുമെന്നും വ്യക്തമാക്കി. 2021ൽ ഗ്ലാസ്‌ഗോ കാലാവസ്ഥാ ഉച്ചകോടിയിലാണ് മോദിയും സെലെൻസ്‌കിയും അവസാനം കൂടിക്കാഴ്ച നടത്തിയത്.

സഹായങ്ങൾക്ക് നന്ദി പറഞ്ഞ് സെലെൻസ്‌കി

യുക്രെയിൻ സമാധാന പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യയെ സെലെൻസ്‌കി ക്ഷണിച്ചു. മാനുഷിക സേവനങ്ങളിലടക്കം യുക്രെയിനിന്റെ ആവശ്യങ്ങൾ മോദിയുമായി പങ്കുവച്ചു. ഇന്ത്യയുടെ കൊവിഷീൽഡ് വാക്സിൻ താൻ സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയ സെലെൻസ്‌കി,​ മരുന്നുകളുടെയും ആരോഗ്യ ഉപകരണങ്ങളുടെയും നിർമ്മാണത്തിൽ ഇന്ത്യയുമായി സഹകരിക്കാനുള്ള താത്പര്യവും അറിയിച്ചു. ലോക വേദികളിൽ യുക്രെയിനിന്റെ പരമാധികാരത്തെ പിന്തുണച്ചതിനും മാനുഷിക സഹായങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

യുദ്ധം ഉന്നയിച്ച് മോദി

ജി 7 ഉച്ചകോടിയിലെ പ്രസംഗത്തിലും മോദി യുക്രെയിൻ യുദ്ധം ഉന്നയിച്ചു. ‌ലോകമെമ്പാടും നേരിടുന്ന രാസവള ക്ഷാമത്തിന് കാരണം യുക്രെയിൻ സംഘർഷമാണെന്ന് അദ്ദേഹം പരോക്ഷമായി പറഞ്ഞു. അത് രാസവള വിതരണ ശൃംഖലയെ ബാധിച്ചു.അതോടെ കാർഷികോൽപ്പന്നങ്ങൾക്ക് വിലക്കയറ്റമാണ്. അവശ്യവസ്തുക്കളും പ്രതിസന്ധിയിലാണ്. ഇതിന്റെ തടസങ്ങൾ പരിഹരിക്കണമെന്ന് യുദ്ധം പരാമർശിച്ച് അദ്ദേഹം പറഞ്ഞു.

ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ,​ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ,​ വിയറ്റ്‌നാം പ്രധാനമന്ത്രി നാം മിൻ ചിൻ, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്,​ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, ഇൻഡോനേഷ്യൽ പ്രസിഡന്റ് ജോക്കോ വിഡോഡോ എന്നിവരുമായും മോദി കൂടിക്കാഴ്ചകൾ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here