മിസ്സിസാഗയില്‍ നടക്കുന്ന ആത്മീയകൂട്ടായ്മ മാര്‍ ജോസ് കല്ലുവേലില്‍ നയിക്കും

മിസ്സിസാഗ (കാനഡ): യമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്തുന്നതിനായി ടൊറന്റോയിലും സമീപ പ്രദേശങ്ങളിലുമുള്ള വിശ്വാസികള്‍ പ്രാര്‍ഥനാപൂര്‍വം അണിചേരുന്നു. ഫാ. ടോമിനെ മോചിപ്പിക്കുന്നതിനുള്ള ഭാരത സര്‍ക്കാരിന്റെ നയതന്ത്ര ഇടപെടലുകള്‍ വിജയിക്കുന്നതിനായി ഏപ്രില്‍ 29 വെള്ളിയാഴ്ച ജാഗരണ പ്രാര്‍ഥന നടത്തും. സിറോ മലബാര്‍ സഭയുടെ കാനഡയിലെ അപ്പസ്‌തോലിക് എക്‌സാര്‍ക്കേറ്റിന്റെ ആസ്ഥാനായ മിസ്സിസാഗയിലെ ടേണര്‍വാലിയിലുള്ള സെന്റ് അല്‍ഫോന്‍സാ കത്തീഡ്രലില്‍ നടക്കുന്ന ആത്മീയകൂട്ടായ്മ രൂപതാക്ഷ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ നയിക്കും. ചാന്‍സലര്‍കൂടിയായ വികാരി ഫാ. ജോണ്‍ മൈലംവേലില്‍ സഹകാര്‍മികനായിരിക്കും.

വൈകിട്ട് ഏഴുമുതല്‍ രാത്രി പന്ത്രണ്ടു വരെയാണ് നൈറ്റ് വിജില്‍ നടക്കുക. വിശുദ്ധ കുര്‍ബാനയും ആരാധനവും ജപമാലയുമെല്ലാമായി നടക്കുന്ന പ്രാര്‍ഥനാസംഗമത്തിന് ഇടവകയിലെ വിവിധ പ്രാര്‍ഥനാഗ്രൂപ്പുകള്‍ നേതൃത്വം നല്‍കും. ഇടവകജനതയുടെ പൂര്‍ണ പങ്കാളിത്തമാണ് ജാഗരണപ്രാര്‍ഥനയില്‍ പ്രതീക്ഷിക്കുന്നത്.

ഫാ: ടോം ഉഴുന്നാലിലിനെ തെക്കന് യമനിലെ ഏദനില്‍ വച്ചാണ് കഴിഞ്ഞമാസം തട്ടിക്കൊണ്ടുപോയത്. ഇവിടെ മിഷനറീസ് ഓഫ് ചാരിറ്റീസ് നടത്തുന്ന വൃദ്ധസദനത്തില്‍ ആയുയധാരികളായെത്തിയ ഭീകരര്‍ കന്യാസ്ത്രീകളുള്‍പ്പെടെ ഒട്ടേറെ പേരെ കൊലപ്പെടുത്തിയശേഷം ഫാ. ടോമിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പാലാ സ്വദേശിയായ ഫാ. ടോം സലേഷ്യന്‍ സന്യാസ സമൂഹാംഗമാണ്. ഈ വൈദികന്റെ മോചനത്തിന് വഴിയൊരുക്കാനുള്ള ശ്രമങ്ങളില്‍ ആഴ്ചകള്‍ക്കുശേഷവും അനിശ്ചിതത്വം തുടരുന്ന പശ്തചാത്തലത്തിലാണ് ജാഗരണ പ്രാര്‍ഥനയിലൂടെ ഇവിടെയുള്ള വിശ്വാസികള്‍ ഒത്തുചേരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here