റിയാദ്: ഇന്ത്യയുമായി അടുത്ത സൗഹൃദമുള്ള ഗള്‍ഫ് രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് സൗദി. സമീപ കാലത്തായി എണ്ണവില കുത്തനെ ഇടിഞ്ഞത് സൗദിക്ക് വലിയ ആഘാതമുണ്ടാക്കിയിരുന്നു. ഒരു കാലത്ത് എണ്ണയ്ക്ക് ബാരലിന് 140 ഡോളര്‍ വരെ എത്തിയിരുന്നു.

കൊവിഡ് വ്യാപിച്ചപ്പോള്‍ വില കുത്തനെ ഇടിഞ്ഞു. ബാരലിന് 50 ഡോളര്‍ വരെ എത്തുന്ന സാഹചര്യമുണ്ടായി. ലോകം സ്തംഭിച്ചതിനാല്‍ എണ്ണ ഉപയോഗം കുറഞ്ഞതായിരുന്നു വില ഇടിയാന്‍ കാരണം. ആവശ്യമില്ലാതെ വന്നതോടെ പ്രമുഖ രാജ്യങ്ങളെല്ലാം ഇറക്കുമതി കുറച്ചു. വിമാന സര്‍വീസ് പോലും നിര്‍ത്തിവച്ച കാലമായിരുന്നു അത്.

എണ്ണ വില കുത്തനെ ഇടിഞ്ഞത് സൗദി അറേബ്യയെ വലിയ പ്രതിസന്ധിയിലാക്കി. വിപണിയില്‍ എണ്ണ എത്തുന്ന അളവ് കുറയ്ച്ചാല്‍ മാത്രമേ വില ഉയരൂ എന്ന് അവര്‍ മനസിലാക്കി. തുടര്‍ന്നാണ് ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചത്. ആഗസ്റ്റ് വരെയുള്ള കാലയളവില്‍ ദിവസവും 10 ലക്ഷം ബാരല്‍ എണ്ണയാണ് സൗദി വെട്ടിക്കുറച്ചിരിക്കുന്നത്.

അമേരിക്കന്‍ ഉപരോധം മറികടക്കാന്‍ റഷ്യ വില കുറച്ച് എണ്ണ വിറ്റതാണ് സൗദിക്ക് മറ്റൊരു തിരിച്ചടിയായത്. ഇന്ത്യയും ചൈനയുമെല്ലാം റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങി. ഇതോടെ സൗദിയുടെ എണ്ണ വാങ്ങുന്നത് ഈ രാജ്യങ്ങള്‍ കുറച്ചു. ഈ പ്രതിസന്ധി മറികടക്കാന്‍ വീണ്ടും ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദി ആലോചിക്കുകയാണത്രെ.

സൗദി പത്ത് ലക്ഷം ബാരല്‍ ഉല്‍പ്പാദനം കുറച്ചപ്പോള്‍ റഷ്യ അഞ്ച് ലക്ഷം ബാരല്‍ ഉല്‍പ്പാദനം കുറച്ചിട്ടുണ്ട്. സൗദിയുടെ സമ്മര്‍ദ്ദം കാരണമാണ് റഷ്യ ഉല്‍പ്പാദനം കുറച്ചത്. ഇനിയും കുറയ്ക്കണം എന്ന സൗദിയുടെ ആവശ്യം റഷ്യ മുഖവിലക്കെടുത്തിട്ടില്ല. ഇക്കാര്യത്തിലുള്ള അഭിപ്രായ ഭിന്നതയാണ് റഷ്യയെ ഒഴിവാക്കി യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സൗദി ലോകരാജ്യങ്ങളുടെ ഉച്ചകോടി നടത്തുന്നതിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

സൗദിയും റഷ്യയും ഉല്‍പ്പാദനം കുറച്ചതിനാല്‍ വിപണിയില്‍ എണ്ണ വില ഉയര്‍ന്നിട്ടുണ്ട്. ബാരലിന് 87 ഡോളറിനാണ് ബ്രെന്‍ഡ് ക്രൂഡ് വില്‍ക്കുന്നത്. എന്നാല്‍ ഇനിയും വില ഉയരണം എന്നാണ് സൗദിയുടെ താല്‍പ്പര്യം. ബാരലിന് 100 ഡോളറെങ്കിലും എത്തണമെന്ന് സൗദി ആഗ്രഹിക്കുന്നു. സെപ്തംബറില്‍ ഉല്‍പ്പാദനം വീണ്ടും വെട്ടിച്ചുരുക്കാനാണ് സാധ്യത എന്ന് ഓയില്‍ പ്രൈസ് ഡോട്ട് കോം ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയും അമേരിക്കയും ഇന്ത്യയും എണ്ണ വാങ്ങുന്ന അളവില്‍ ഇടിവ് വന്നിട്ടുണ്ട് എന്നാണ് ജൂലൈയിലെ കണക്ക്. ഇത് സൗദിയെ അസ്വസ്ഥമാക്കുന്നു. ഈ സാഹചര്യത്തിലാണ് ഉല്‍പ്പാദനം വീണ്ടും കുറയ്ക്കാന്‍ സൗദി ആലോചിക്കുന്നതത്രെ. വൈകാതെ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കുമെന്നും പറയപ്പെടുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും.

ഇന്ത്യ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന വസ്തുക്കളിലൊന്നാണ് എണ്ണ. ഇതിന് വില കൂടിയാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് ഇളക്കം തട്ടിക്കും. അവശ്യവസ്തുക്കളുടെ വില വര്‍ധനവിലേക്ക് നയിക്കുകയും ചെയ്യും. ഇന്ത്യയ്ക്ക് മാത്രമല്ല, ചൈനയ്ക്കും അമേരിക്കക്കും യൂറോപ്പിനും സൗദിയുടെ നീക്കം വെല്ലുവിളിയാണ്. സൗദി കടുത്ത തീരുമാനം എടുക്കുമോ എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here