ദുബായ്: യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികളുടെ പാസ്‌പോര്‍ട്ട്, അറസ്‌റ്റേഷന്‍ സേവനങ്ങള്‍ക്ക് ഏകീകൃത സ്വഭാവം വരുന്നു. 2024 ജനുവരി ഒന്ന് മുതലാകും പുതിയ മാറ്റം. ഇതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചുവെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കോണ്‍സുലര്‍ സേവനങ്ങള്‍ നവീകരിക്കാനാണ് തീരുമാനം. ഇതിന് പുതിയ ഏജന്‍സിയെ തേടുകയാണ്.

പാസ്‌പോര്‍ട്ട്, ഇന്ത്യന്‍ വിസ, അറസ്‌റ്റേഷന്‍ തുടങ്ങിയ കോണ്‍സുലര്‍ സേവനങ്ങള്‍ ചെയ്യുന്നതിന് അബുദാബിയിലെ ഇന്ത്യന്‍ എംബസി കരാര്‍ ക്ഷണിച്ചു. അതിവേഗവും സുതാര്യമായും സേവനങ്ങള്‍ ഉറപ്പാക്കണം എന്നാണ് എംബസി കരാറുകാര്‍ക്ക് മുമ്പാകെ വെക്കുന്ന നിബന്ധന. അപേക്ഷകരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുക, കാര്യക്ഷമത വര്‍ധിപ്പിക്കുക തുടങ്ങിയ നിബന്ധനകളുമുണ്ട്

പ്രവാസികള്‍ക്ക് വേണ്ടി എംബസിയും ദുബായിലെ കോണ്‍സുലേറ്റും ചെയ്യുന്ന സേവനങ്ങള്‍ കരാര്‍ ലഭിക്കുന്ന ഏജന്‍സിയാകും ചെയ്യുക. നിലവില്‍ പാസ്‌പോര്‍ട്ട്, വിസ അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കുന്നത് ബിഎല്‍എസ് ഇന്റര്‍നാഷണലും അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ചെയ്യുന്നത് ഐവിഎസ് ഗ്ലോബലുമാണ്. ഇനി ഒരൊറ്റ ഏജന്‍സിക്ക് കരാര്‍ നല്‍കാനാണ് ആലോചന

എല്ലാ എമിറേറ്റ്‌സിലും ഇന്ത്യന്‍ കോണ്‍സുലര്‍ ആപ്ലിേേക്കഷന്‍ സെന്റര്‍ (ഐസിഎസി) എന്ന പേരിലാകും പുതിയ സര്‍വീസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. എല്ലാ സേവനങ്ങളും കൈയ്യെത്തും ദൂരത്ത് ലഭ്യമാകും എന്നതാണ് വരാന്‍ പോകുന്ന പ്രധാന മാറ്റം. യുഎഇയിലെ 35 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഇത് വലിയ സൗകര്യമാകും. മാത്രമല്ല, ഇന്ത്യന്‍ വിസ തേടുന്ന വിദേശികള്‍ക്കും ഈ കേന്ദ്രം വഴിയാകും സേവനം.

ഒരു പ്രവൃത്തി ദിവസം 1600 സേവനങ്ങളാണ് പുതിയ കേന്ദ്രം വഴി ലഭിക്കുക. കൊവിഡിന് മുമ്പ് ചെയ്തിരുന്ന അത്രയും സേവനങ്ങള്‍ പ്രതിദിനം ഉറപ്പാക്കണം എന്ന നിബന്ധനയും എംബസി മുന്നോട്ട് വെക്കുന്നു. മാത്രമല്ല, അപേക്ഷകര്‍ക്ക് വേഗം സമീപിക്കാന്‍ സാധിക്കുന്ന ഇടങ്ങളിലാകണം സര്‍വീസ് കേന്ദ്രങ്ങള്‍. അല്‍ ഖാലിദിയ, അല്‍ റീം, മുസാഫ, അല്‍ഐന്‍, ഗയാത്ത് തുടങ്ങി അബുദാബിയിലെ സ്ഥലങ്ങളില്‍ സേവന കേന്ദ്രം വേണമെന്ന് എംബസി ആവശ്യപ്പെടുന്നു.

കരാമ, മറിന, അല്‍ ഖൗസ്, ദെയ്‌റ, ഖുസൈസ് തുടങ്ങിയ സ്ഥലങ്ങളാണ് ദുബായില്‍ നിര്‍ദേശിക്കുന്നത്. ഷാര്‍ജയില്‍ അബു ഷാഗര, റൊല്ല, ഖൊര്‍ഫുക്കാന്‍ എന്നീ സ്ഥലങ്ങളില്‍ സേവന കേന്ദ്രങ്ങള്‍ വേണമെന്നാണ് എംബസിയുടെ നിര്‍ദേശം. കൂടാതെ അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ ഓരോ കേന്ദ്രങ്ങള്‍ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പുതിയ സേവന കേന്ദ്രം ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തിക്കണം, ഓണ്‍ലൈന്‍ അപ്പോയിന്‍മെന്റിന് നാല് ദിവസത്തില്‍ കൂടുതല്‍ വരരുത്, അപേക്ഷയുടെ സ്റ്റാറ്റസ് ലഭ്യമാക്കണം. ഇംഗ്ലീഷ്, അറബിക്, ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ വെബ്‌സൈറ്റുകള്‍ ലഭ്യമാകണം തുടങ്ങിയ നിബന്ധനയും ഇന്ത്യന്‍ എംബസി മുന്നോട്ട് വെച്ചിട്ടുണ്ട്. പ്രത്യക്ഷമായതിന് പുറമെ രഹസ്യ ഫീസുകള്‍ പാടില്ലെന്നും എംബസി വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here