ഇന്ത്യയും റഷ്യയും ഏർപ്പെടുത്തിയ അരിയുടെ കയറ്റുമതി നിരോധനം ഗള്‍ഫ് മേഖല ഉള്‍പ്പെടേയുള്ള വിദേശ രാജ്യങ്ങളെ ബാധിച്ച് തുടങ്ങിയിരിക്കുകയാണ്. മിക്ക അരി ഇനങ്ങളുടേയും വിലയില്‍ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതോടെ പരിഹാര മാർഗ്ഗങ്ങളുമായി യുഎഇ, സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്ത് വന്നു. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് അരി ഇറക്കുമതി വർധിപ്പിക്കാനാണ് യുഎഇയുടെ തീരുമാനം.

അതേസമയം, അരിയുടെ വിലക്കയറ്റത്തില്‍ നിന്നും രക്ഷ നേടാന്‍ ഗള്‍ഫിലേക്ക് പോവുന്ന പ്രവാസികള്‍ നാട്ടില്‍ നിന്നും അരി കൊണ്ടു പോവുന്ന പ്രവണതയും വർധിച്ചിട്ടുണ്ട്. മറ്റ് പല ഉത്പന്നങ്ങളും കേരളത്തില്‍ നിന്നും ഗള്‍ഫിലേക്ക് കൊണ്ടുപോവാറുണ്ടായിരുന്നെങ്കിലും അരി കൊണ്ടു പോവുന്ന രീതി ഇപ്പോഴാണ് ശക്തമായത്.

മലയാളി പ്രവാസിയായ ഷബ്‌നയ്ക്ക് ഇന്ത്യയിൽ നിന്ന് അരി കൊണ്ടുവരുന്നത് ആവശ്യത്തേക്കാൾ ഒരു ശീലമാണെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. “എല്ലാ വർഷവും, എന്റെ നാട്ടിൽ ലഭ്യമായ ഒരു പ്രത്യേക തരം അരി ഞങ്ങൾ കൊണ്ടുവരുന്നു,” ഷബ്നയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. “ഞങ്ങൾക്ക് ഒരു മാസം അഞ്ചോ ആറോ കിലോ വെള്ള അരി ലഭിക്കും. ഞങ്ങൾക്ക് ഇവിടെ ധാരാളം കുടുംബങ്ങളും സുഹൃത്തുക്കളുമുണ്ട്, മിക്ക സമയങ്ങളിലും എല്ലാവരും ഒത്തുകൂടം. ഇതിനർത്ഥം ഞങ്ങളുടെ അരി ഉപഭോഗവും വളരെ ഉയർന്നതാണ്.” ശബ്ന പറഞ്ഞു.

നാട്ടില്‍ നിന്ന് അരി കൊണ്ടു വരികയാണെങ്കില്‍ 3 ദിർഹം വരെ ലാഭിക്കാം. ഇതൊരു വലിയ സമ്പാദ്യമല്ല, പക്ഷേ ഞങ്ങൾ ഇന്ത്യയിൽ നിന്നും വരുമ്പോള്‍ ലഗേജിൽ ഇടം ലഭിക്കുകയാണെങ്കില്‍ ഞങ്ങൾ അരി കൊണ്ടുവരുന്നു. അരി വില കുതിച്ചുയരുന്നത് തനിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമല്ല. ഞങ്ങളുടെ വീട്ടിൽ ഞങ്ങൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ബസുമതി അരിയാണ്. ഇതിന്റെ കയറ്റുമതിയിൽ പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ ഉണ്ടായിരുന്നെങ്കിൽ പോലും ഇത് യുഎഇയാണ്. അവർ അതിന് പരിഹാരം കാണുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും ഷബ്ന പറയുന്നു.

ഉൽപാദന കുറവിനെ തുടർന്നാണ് ലോകത്തിലെ ഏറ്റവും വലിയ അരി കയറ്റുമതിക്കാരായ ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്താന്‍ തീരുമാനിച്ചത്. ലോക അരി കയറ്റുമതിയുടെ 40 ശതമാനത്തിലധികവും ഇന്ത്യയുടേതാണ്. 140 രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. മറ്റൊരു പ്രവാസി മിനി സുരേഷും ഇന്ത്യയിൽ നിന്ന് അരി കൊണ്ടുവന്നു. “എന്റെ നാട്ടിലെ റേഷൻ കടയിൽ ഇത്തരത്തിലുള്ള പ്രത്യേക അരി വിൽക്കുന്നു. എനിക്ക് ഇതിന്റെ രുചി ഇഷ്ടമാണ്, അതിനാൽ ഇത്തവണ കുറച്ച് അരിയും കൊണ്ടുവരാൻ ഞാൻ തീരുമാനിച്ചു.” മിനി പറയുന്നു.

അതേസമയം, അരിയുടെ കയറ്റുമതി നിരോധനം ഒമാനിലെ അരി ലഭ്യതയെ ബാധിച്ചിട്ടില്ലെന്നും പരിഭ്രാന്തി വേണ്ടെന്നും ഒമാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. രാജ്യത്ത് ആവശ്യമുള്ള അരി ശേഖരമുണ്ട്. രാജ്യത്ത് വ്യാപകമായി ജനങ്ങൾ ഉപയോഗിക്കുന്ന വെള്ള അരിയുടെ ശേഖരം ആവശ്യത്തിനുണ്ടെന്നും സർക്കാരും സ്വകാര്യ മേഖലയും സഹകരിച്ചാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നത്. തായ്ലാന്‍ഡില്‍ നിന്നും പാകിസ്താനില്‍ നിന്നും ആവശ്യമായ അരി ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ഒമാന്‍ വക്താവ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here