ജൊഹന്നാസ്ബര്‍ഗ്: കൂടുതല്‍ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കാന്‍ ബ്രിക്സ് കൂട്ടായ്മ. അര്‍ജന്റീന, ഇറാന്‍, സൗദി അറേബ്യ, ഈജിപ്ത്, എത്യോപ്യ, യുഎഇ എന്നീ ആറ് രാജ്യങ്ങളെയാണ് ബ്രിക്സില്‍ ചേരാനായി ക്ഷണിച്ചിരിയ്ക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ നടന്ന 15-ാമത് ബ്രിക്സ് ഉച്ചകോടിക്കു ശേഷം പ്രസിഡന്റ് സിറില്‍ റാമഫോസയാണ് പുതിയ അംഗരാജ്യങ്ങളുടെ പേരു പ്രഖ്യാപിച്ചത്. ചൊവ്വാഴ്ചയാണ് ഉച്ചകോടി ആരംഭിച്ചത്. നിലവില്‍ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിലുള്ളത്.

തീരുമാന പ്രകാരം 2024 ജനുവരി 1 മുതല്‍ പുതിയ രാജ്യങ്ങള്‍ കൂട്ടായ്മയില്‍ അംഗങ്ങളാകും. ബ്രിക്സ് കൂട്ടായ്മ വികസിപ്പിക്കുന്നതിനെ ഇന്ത്യ പൂര്‍ണമായും പിന്തുണ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ (ട്വിറ്റര്‍ ) കുറിച്ചു. കൂട്ടായ്മ വിപുലീകരിക്കുന്നത് സഖ്യത്തിന്റെ ശക്തി വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനുശേഷം നേതാക്കള്‍ നേരിട്ട് പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുപുറെ, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രമഫോസ എന്നിവരും പങ്കെടുത്തു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റുള്ളതിനാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ നേരിട്ട് ഉച്ചകോടിക്ക് എത്തിയിട്ടില്ല. പകരം വിദേശമന്ത്രി സെര്‍ജി ലാവ്റോവ് എത്തി. പുടിന് ഓണ്‍ലൈനായാണ് പങ്കെടുക്കുന്നത്. സൗദി വിദേശമന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി എന്നിവരും ഉച്ചകോടിയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here