ഉത്രാടപ്പാച്ചില്‍ അവസാനിച്ചു. ഇനി തിരുവോണം. പൂക്കളവും ഓണസദ്യയുമൊക്കെ ഒരുക്കി തിരുവോണനാളില്‍ മാവേലിയെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. ലോകത്തെവിടെയായിരുന്നാലും മലയാളികളെ ഒരുമിപ്പിക്കുന്ന സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ആഘോഷമാണ് ഓണം. ചിങ്ങം മുതല്‍ തുടങ്ങുന്നു ഐശ്വര്യത്തിന്റെയും സമൃദ്ധിയുടേയും ഓണനാളുകള്‍ക്കായുള്ള കാത്തിരിപ്പ്. പലയിടങ്ങളിലായിരിക്കുന്ന കുടുംബാംഗങ്ങള്‍ക്കും സ്‌നേഹിതര്‍ക്കും ഒത്തുകൂടാനുള്ള ദിവസം കൂടിയാണ് ഓണം.

പ്രവാസി മലയാളികളെ സംബന്ധിച്ച് ഈ ദിവസങ്ങളിലെല്ലാം ഓണമാണ്. വിവിധ മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നേരത്തേ തന്നെ സംഘടിപ്പിച്ചു തുടങ്ങി. കേരളത്തില്‍ ഓണം വന്നുപോയിക്കഴിഞ്ഞ് കുറച്ചു നാളുകള്‍ കൂടി പ്രവാസ ലോകത്ത് ഓണം വൈബ് നിലനില്‍ക്കും. പല കാരണങ്ങള്‍ കൊണ്ട് നാട്ടിലെത്താന്‍ കഴിയാത്ത വിവിധ രാജ്യങ്ങളിലായി കഴിയുന്ന പ്രവാസി മലയാളികള്‍ ഓര്‍മ്മകള്‍ അയവിറക്കാനും നഷ്ടസ്മൃതികളുടെ മധുരം നുണയാനുമൊക്കെയായി അതിഗംഭീര ഓണാഘോഷ പരിപാടികളാണ് ഓരോ സ്ഥലത്തും ഒരുക്കുന്നത്.

ഐശ്വര്യവും സമൃദ്ധിയും സമാധാനവും എല്ലാക്കാലത്തും ഉണ്ടാവട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് തിരുവോണദിനം തുടങ്ങുന്നത്. ഓണപ്പൂക്കളവും ഓണക്കോടിയും ഓണസദ്യയും തന്നെയാണ് ഓണത്തിന്റെ പ്രധാന ആകര്‍ഷണം. പല നിറങ്ങളാല്‍ കണ്ണിനും മനസ്സിവും സന്തോഷം നല്‍കുന്ന പൂക്കളം പോലെ ഈ ഓണം എല്ലാവരുടെ ജീവിതത്തിലും സന്തോഷം പകര്‍ന്നുനല്‍കട്ടേ. കേരളാ ടൈംസിന്റെ എല്ലാ പ്രീയപ്പെട്ട വായനക്കാര്‍ക്കും സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍…

LEAVE A REPLY

Please enter your comment!
Please enter your name here