ദില്ലി: ചന്ദ്രയാന്‍ മൂന്ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന് പിന്നാലെ ചന്ദ്രനില്‍ സ്ഥലം വാങ്ങി ഇന്ത്യക്കാരന്‍. ജമ്മു കശ്മീരില്‍ നിന്നുള്ള വ്യവസായിയും വിദ്യാഭ്യാസ വിദഗ്ധനുമായ രൂപേഷ് മാസനാണ് ചന്ദ്രനില്‍ സ്ഥലം വാങ്ങാനുള്ള കരാറിലേര്‍പ്പെട്ടത്. ജമ്മു കശ്മീരിലെയും ലേയിലെയും യുസിഎംഎഎസിന്റെ റീജിയണല്‍ ഡയറക്ടറാണ് 49 കാരനായ രൂപേഷ്. ചന്ദ്രനില്‍ സ്ഥലം വാങ്ങിയതിന്റെ രേഖകള്‍ ഇദ്ദേഹം മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസുമായി പങ്കിട്ടു. ലാക്കസ് ഫെലിസിറ്റാറ്റിസ് (സന്തോഷത്തിന്റെ തടാകം) എന്നറിയപ്പെടുന്ന ലൂണ എര്‍ത്ത്‌സ് മൂണ്‍, ട്രാക്റ്റ് 55-പാഴ്‌സല്‍ 10772ലാണ് സ്ഥലം വാങ്ങിയതെന്ന് രൂപേഷ് പറഞ്ഞു.

ന്യൂയോര്‍ക്ക് സിറ്റിയിലെ ലൂണാര്‍ രജിസ്ട്രിയില്‍ നിന്നാണ് സ്ഥലമിടപാട് നടത്തിയത്. ഓഗസ്റ്റ് 25ന് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായതായും ഇദ്ദേഹം പറഞ്ഞു. ചന്ദ്രന്‍ ഭാവിയിലെ പ്രതീക്ഷയുടെ അടയാളമാണെന്ന് രൂപേഷ് പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നവര്‍ക്ക് ചെലവ് കുറഞ്ഞ മനഃശാസ്ത്രപരമായ മാര്‍ഗമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രനില്‍ സ്ഥലം വാങ്ങുന്നത് ഭാവിയിലേക്കുള്ള തയ്യാറെടുപ്പായിരിക്കും. ചന്ദ്രനിലും മറ്റ് ഗ്രഹങ്ങളിലുമായി സെലിബ്രിറ്റികളും യുഎസ് മുന്‍ പ്രസിഡന്റുമാരുമടക്കം 675പേര്‍ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 23നാണ് ചന്ദ്രനില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യമായാണ് സോഫ്റ്റ് ലാന്‍ഡിങ് നടക്കുന്നത്.

ചന്ദ്രനില്‍ എങ്ങനെ സ്ഥലം വാങ്ങാം?

ചന്ദ്രനിലെ സ്വത്തുക്കള്‍ വാങ്ങുന്നതിനായി 1999ല്‍ ഇന്റര്‍നാഷണല്‍ ലൂണാര്‍ ലാന്‍ഡ്‌സ് രജിസ്ട്രി (ILLR) ആരംഭിച്ചു. ഇതുവഴിയാണ് സ്ഥലം വാങ്ങുക. വെബ്സൈറ്റിലെ വിവരം അനുസരിച്ച് രൂപേഷ് മാസന്‍ സ്ഥലം വാങ്ങിയ ചന്ദ്രനിലെ ഏരിയയില്‍ പ്ലോട്ടിന്റെ നിലവിലെ നിരക്ക് ഏക്കറിന് 2,405 രൂപയാണ് (29.07 ഡോളര്‍). മഴയുടെ കടല്‍, ബേ ഓഫ് റെയിന്‍ബോസ് എന്നിങ്ങനെയുള്ള പേരുകളിലും ചന്ദ്രനില്‍ സ്ഥലങ്ങളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here