നാല് പതിറ്റാണ്ടിന് ശേഷം ചൊവ്വാഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ വീണ്ടും മൂലക ഓക്‌സിജന്റെ സാന്നിധ്യം കണ്ടെത്തി. ചൊവ്വയുടെ അന്തരീക്ഷം ഇന്നത്തെ നിലയ്ക്ക് എങ്ങനെ പരിണമിച്ചു എന്നതിനെപ്പറ്റി വിലപ്പെട്ട ഉള്‍ക്കാഴ്ച നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍.

ഭൗമാന്തരീക്ഷത്തിന്റെ മുകള്‍തട്ടില്‍ പറക്കുന്ന ‘സ്ട്രാറ്റോസ്ഫറിക് ഒബ്‌സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് അസ്‌ട്രോണമി’ ( ‘സോഫിയ’-SOFIA )  നടത്തിയ നിരീക്ഷണത്തിലാണ്, ചൊവ്വയിലെ മൂലക ഓക്‌സിജന്റെ ( Atomic Oxygen ) സാന്നിധ്യം കണ്ടെത്തിയത്. 

ചൊവ്വയുടെ അന്തരീക്ഷത്തില്‍ ‘മീസോസ്ഫിയര്‍’ ( mesosphere ) എന്നറിയപ്പെടുന്ന ഉപരിഭാഗത്താണ് മൂലക ഓക്‌സിജന്റെ സാന്നിധ്യമുള്ളത്.

ഭൂമിയുടെ അന്തരീക്ഷത്തില്‍ തന്മാത്രാരൂപത്തിലാണ് ഓക്‌സിജന്‍ സ്ഥിതിചെയ്യുന്നത്. ആറ്റമിക രൂപത്തില്‍ ഇവിടെ ഓക്‌സിജന്‍ നിലനില്‍ക്കുന്നില്ല. 

‘ചൊവ്വയുടെ അന്തരീക്ഷത്തില്‍ ആറ്റമിക രൂപത്തില്‍ ഓക്‌സിജന്‍ കണ്ടെത്തുക അങ്ങേയറ്റം ദുഷ്‌ക്കരമാണ്’, ‘സോഫിയ’ പ്രോജക്ട് സയന്റിസ്റ്റ് പമേല മാര്‍കം പറഞ്ഞു. 

1970 കളില്‍ ‘വൈക്കിങ്’ ( Viking ), ‘മറീനര്‍’ ( Mariner ) ദൗത്യങ്ങള്‍ ചൊവ്വയുടെ അന്തരീക്ഷത്തിലെ മൂലക ഓക്‌സിജന്‍ നിരീക്ഷിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ഇക്കാര്യം നിരീക്ഷണവിധേയമാക്കുന്നത്. 

SOFIA
പറക്കും ഒബ്‌സര്‍വേറ്ററിയ ‘സോഫിയ’. ടെലിസ്‌കോപ്പ് വഹിക്കാന്‍ പാകത്തില്‍ പരിഷ്‌ക്കരിച്ച ബോയിങ് 747SP ജറ്റ് വിമാനമാണിത്. ചിത്രം: NASA

 

ഇന്‍ഫ്രാറെഡ് തരംഗപരിധിയില്‍ ‘സോഫിയ’ നടത്തിയ നിരീക്ഷണത്തിലാണ് ചൊവ്വയിലെ മൂലക ഓക്‌സിജന്‍ തിരിച്ചറിഞ്ഞതെന്ന് നാസയുടെ വാര്‍ത്താക്കുറിപ്പ് പറയുന്നു. 

പ്രതീക്ഷിച്ചതിലും പകുതി അളവ് മൂലക ഓക്‌സിജന്‍ മാത്രമേ നിരീക്ഷണത്തില്‍ കണ്ടെത്താനായുള്ളൂ. ചൊവ്വയുടെ അന്തരീക്ഷത്തിലെ വ്യത്യാസങ്ങള്‍ മൂലമാകാം ഇതെന്ന് കരുതുന്നു. ‘അസ്‌ട്രോണമി ആന്‍ഡ് അസ്‌ട്രോഫിസിക്‌സ്’ ജേര്‍ണലിലാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 

ഭൂപ്രതലത്തില്‍ നിന്ന് 37,000-45,000 അടി ഉയരത്തിലാണ് ‘സോഫിയ’ പറക്കുന്നത്. ഭൗമാന്തരീക്ഷത്തില്‍ ഇന്‍ഫ്രാറെഡ് കിരണങ്ങളെ തടുക്കുന്ന ബാഷ്പകണങ്ങള്‍ ഇല്ലാത്ത മേഖലയാണത്. അതുകൊണ്ടാണ് ചൊവ്വയെ ഇന്‍ഫ്രാറെഡ് തരംഗപരിധിയില്‍ നിരീക്ഷിക്കാന്‍ സോഫിയയ്ക്ക് സാധിക്കുന്നത്.

അമേരിക്കന്‍ സ്‌പേസ് ഏജന്‍സിയായ നാസയുടെയും ജര്‍മന്‍ എയ്‌റോസ്‌പേസ് സെന്ററിന്റെയും സംയുക്തസംരഭമാണ് പറക്കും ഓബ്‌സര്‍വേറ്ററിയായ ‘സോഫിയ’.

 അത്യന്താധുനിക ഉപകരണങ്ങളാണ് ‘സോഫിയ’യിലുള്ളത്. അതിലൊന്നായ ‘ജര്‍മന്‍ റിസീവര്‍ ഫോര്‍ അസ്‌ട്രോണമി അറ്റ് ടെറാഹെട്‌സ് ഫ്രീക്വന്‍സീസ്’ ( ‘ഗ്രേറ്റ്’ -GREAT ) എന്ന ഉപകരണമാണ് ചൊവ്വയിലെ മൂലക ഒക്‌സിജന്‍ കണ്ടെത്താന്‍ സഹായിച്ചത്.

100 ഇഞ്ച് വ്യാസമുള്ള ടെലിസ്‌കോപ്പ് വഹിക്കാന്‍ പാകത്തില്‍ പരിഷ്‌ക്കരിച്ച ഒരു ബോയിങ് 747SP ജറ്റ് വിമാനമാണ് ‘സോഫിയ’.

Mars, Atomic Oxygen

ചൊവ്വയിലെ ഓക്‌സിജന്‍ വര്‍ണരാജി. പ്രതീക്ഷിച്ചതിലും പകുതിയളവ് മൂലക ഓക്‌സിജന്‍ മാത്രമാണ് സോഫിയയുടെ നിരീക്ഷണത്തില്‍ കണ്ടെത്താനായത്.

LEAVE A REPLY

Please enter your comment!
Please enter your name here