പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹി സർവകലാശാലയിൽനിന്നു ബിരുദം നേടിയെന്നതു നുണയാണെന്നു തെളിയിക്കുന്ന പുതിയ രേഖകൾ തങ്ങൾക്കു ലഭിച്ചതായി ആം ആദ്മി പാർട്ടി. ഈയിടെ പത്രങ്ങൾ പ്രസിദ്ധീകരിച്ച ഡിഗ്രി സർട്ടിഫിക്കറ്റ് വ്യാജമാണെന്നും 1978ൽ ഡൽഹി സർവകലാശാലയിൽനിന്നു ബിരുദം നേടിയതു മറ്റൊരു മോദിയാണെന്നും എഎപി ആരോപിച്ചു. എഎപിയുടെ ആരോപണങ്ങൾ മറുപടി അർഹിക്കാത്തവിധം ബാലിശമാണെന്നു ബിജെപി പ്രതികരിച്ചു. 

ഡൽഹി സർവകലാശാലയോടു നരേന്ദ്രമോദിയുടെ ബിരുദം സംബന്ധിച്ച വിശദാംശങ്ങൾ പൊതുജന പരിശോധനയ്ക്കായി വെബ്സൈറ്റിൽ ഇടണമെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡൽഹി സർവകലാശാലയിൽ മോദിയുടെ ബിരുദയോഗ്യത തെളിയിക്കുന്ന ഒരു രേഖയുമില്ലെന്നാണ് എഎപിയുടെ കണ്ടെത്തൽ. മോദി അവകാശപ്പെട്ടതുപോലെ 1978ൽ നരേന്ദ്ര ദാമോദർ മോദി ഡൽഹി യൂണിവേഴ്‌സിറ്റിയിൽനിന്നു ബിരുദം നേടിയിട്ടില്ല. ആ വർഷം ബിരുദം നേടിയതു രാജസ്ഥാനിലെ അൽവാറിൽനിന്നുള്ള നരേന്ദ്ര മഹാവിർ മോദിയാണ്. 

രാജസ്ഥാനിൽനിന്നുള്ള മോദിയുടെ സർട്ടിഫിക്കറ്റ് ലഭ്യമാണെങ്കിലും ഗുജറാത്തിലെ വദ്‌നഗറിൽനിന്നുള്ള മോദിയുടെ രേഖകളൊന്നും സർവകലാശാലയിൽ ഇല്ലെന്നും എഎപി വാദിക്കുന്നു. ‘ അദ്ദേഹം പരീക്ഷയെഴുതിയിട്ടില്ല. ആ ബിരുദം വ്യാജമാണ്’ എഎപിയുടെ അശുതോഷ് പറഞ്ഞു. അതേസമയം, താൻ ഡൽഹി സർവകലാശാലയിൽ 1975 മുതൽ 1978 വരെ പഠിച്ചതായി നരേന്ദ്രമോദി ഒരു ടിവി ചാനൽ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. കോളജിൽ തന്റെ സീനിയറായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പഠിച്ചിരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ഓഫിസ് എഎപി ആരോപണങ്ങളോടു പ്രതികരിച്ചിട്ടില്ല. ഒരു മുഖ്യമന്ത്രി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് അനുചിതമാണെന്നും താൻ പ്രതികരിക്കാനില്ലെന്നും കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. 2014ൽ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിന്റെ ഭാഗമായി നൽകിയ സത്യവാങ്മൂലത്തിലാണു ഡൽഹി സർവകലാശാലയിൽനിന്ന് 1978ൽ ബിരുദവും ഗുജറാത്ത് സർവകലാശാലയിൽനിന്ന് 1983ൽ എംഎയും നേടിയതായി മോദി വെളിപ്പെടുത്തിയത്. പതിനേഴാം വയസ്സിൽ പഠിപ്പു നിർത്തി വീടു വിട്ടെങ്കിലും പിന്നീട് ആർഎസ്എസിലെ മുതിർന്ന നേതാക്കളുടെ നിർദേശപ്രകാരം തുടർപഠനം നടത്തിയെന്നും പഴയ ഒരു ടിവി അഭിമുഖത്തിൽ നരേന്ദ്രമോദി പറഞ്ഞിരുന്നു.

ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിന്റെ ആവശ്യം വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയായി പരിഗണിച്ച് കഴിഞ്ഞയാഴ്ച കേന്ദ്ര വിവരാവകാശ കമ്മിഷൻ ഡൽഹി, ഗുജറാത്ത് സർവകലാശാലകളോടു പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതകൾ സംബന്ധിച്ചു വിവരങ്ങൾ പരസ്യമാക്കാൻ നിർദേശിച്ചിരുന്നു. മോദി എംഎയ്ക്ക് 62.3% മാർക്ക് നേടിയതായി ഗുജറാത്ത് സർവകലാശാല അറിയിച്ചിരുന്നു. എന്നാൽ ഡൽഹി സർവകലാശാല ഇതുവരെ വിവരങ്ങൾ ഒന്നും നൽകിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here