യൂറോപ്പിൽ ഉയർന്ന ശമ്പളം കിട്ടുന്ന ജോലി വാഗ്‌ദാനം ചെയ്‌തു റഷ്യൻ ക്രിമിനൽ സംഘങ്ങൾ ഡസൻ കണക്കിന് ഇന്ത്യക്കാരെയും ആയിരക്കണക്കിനു നേപ്പാളീസ് പൗരന്മാരെയും യുദ്ധഭൂമിയിലേക്കു തള്ളിവിട്ടെന്നു റിപ്പോർട്ട്. കെണിയിൽ വീണവരെ കുറഞ്ഞ പരിശീലനം പോലും നൽകാതെ റഷ്യ-യുക്രൈൻ യുദ്ധരംഗത്തേക്കു അയച്ചു.

അതിൽ പലരും ജീവിച്ചിരിപ്പില്ല എന്നാണ് കുടുംബാംഗങ്ങൾ നൽകുന്ന വിവരം.

ഹൈദരാബാദിൽ തുണിക്കടയിൽ ജോലി ചെയ്തിരുന്ന മുഹമ്മദ് അഫ്‌സാൻ (30) കഴിഞ്ഞ നവംബറിൽ റഷ്യയിലേക്കു പോയി. സെക്യൂരിറ്റി ഗാർഡിന്റെ ജോലി ആയിരുന്നു വാഗ്‌ദാനം. ശമ്പളം $550. പക്ഷെ അവിടെ ചെന്നപ്പോൾ ഭാര്യയും രണ്ടു കുട്ടികളുമുള്ള അഫ്‌സാനെ അയച്ചതു യുദ്ധരംഗത്തേക്ക്. നിർബന്ധിച്ചു സൈന്യത്തിൽ ചേർത്തു അതിർത്തിയിലേക്ക് അയക്കുകയായിരുന്നു.

അവിടെ വച്ച് അയാൾ വെടിയേറ്റു മരിച്ചെന്നു ഇന്ത്യൻ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. യുദ്ധരംഗത്തേക്കായിരുന്നു കൊണ്ടുപോകുന്നതെന്നു അഫ്‌സാനു അറിയില്ലായിരുന്നുവെന്നു സഹോദരൻ മുഹമ്മദ് ഇമ്രാൻ പത്രങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാസം ഹെമിൽ അശ്വിൻഭായ് മങ്ങുകിയ (23) എന്ന ഗുജറാത്തി യുക്രൈനിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നതിന്റെ പിന്നിലും ഇത്തരമൊരു കഥയുണ്ട്. ബാബ ബ്ലോഗ്സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് ഏജൻസി മങ്ങുകിയയെ സെക്യൂരിറ്റി ജോലിക്കെന്നു പറഞ്ഞു കൊണ്ടുപോയത്. അവിടെ ചെന്നപ്പോൾ ഒരു മാസത്തെ സൈനിക പരിശീലനത്തിന് അയച്ചു.

മങ്ങുകിയ തിരിച്ചു വന്നില്ല. “ഞങ്ങളുടെ കുടുംബം തകർന്നു പോയി,” യുവാവിന്റെ പിതാവ് അശ്വിൻ മങ്ങുകിയ പറഞ്ഞു. “അവന്റെ ജഡം പോലും കിട്ടിയിട്ടില്ല.”

പഞ്ചാബിൽ നിന്ന് ഇതേ പോലെ കെണിയിൽ വീണ കുറെ യുവാക്കൾ ഇന്ത്യൻ ഗവൺമെന്റിന്റെ സഹായം അപേക്ഷിക്കുന്ന വീഡിയോ ഇന്റെർനെറ്റിലുണ്ട്. ഡിസംബറിൽ ടൂറിസ്റ്റുകളായി ആഘോഷത്തിനു പോയവരാണ്. അവരെ ഒരു ഏജന്റ് ബെലറൂസിൽ കൊണ്ടുപോയി വിസയില്ലെന്നു ആരോപിച്ചു തടവിലിട്ടു.

അവർക്കു കിട്ടിയ ശിക്ഷയോ? യുദ്ധത്തിനു പോവുക. ഇപ്പോൾ അവർ യുക്രൈന് എതിരെ യുദ്ധം ചെയ്‌യുകയാണ്.

റഷ്യൻ പട്ടാളത്തിൽ കുടുങ്ങിയ ഇരുപതോളം ഇന്ത്യക്കാരെ രക്ഷിക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച വിദേശകാര്യ വകുപ്പ് പറഞ്ഞിരുന്നു.

നേപ്പാളിൽ നിന്നുള്ള 15,000 പേരെ ഇതുപോലെ കെണിയിൽ പെടുത്തി യുദ്ധഭൂമിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് അറിവ്. തൊഴിൽ കിട്ടാതെ ഗ്രാമങ്ങളിൽ ദുരിതം അനുഭവിച്ചു കഴിഞ്ഞവരാണ് ഇവരിൽ അധികവും.

LEAVE A REPLY

Please enter your comment!
Please enter your name here