ധാക്ക : ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയില്‍ റസ്റ്റോറന്റ് ആക്രമിച്ച് ബന്ദികളാക്കിയ 20 പേരെ ഭീകരര്‍ നിഷ്ഠുരമായി കൊലപ്പെടുത്തി. പതിനെട്ടുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി താരുഷിജയിനും ഇക്കൂട്ടത്തില്‍പ്പെടുന്നു. കൂട്ടുകാരോടൊപ്പം അത്താഴം കഴിക്കുകയായിരുന്നു താരുഷി. വിദേശമന്ത്രി സുഷ്മ സ്വരാജ് ട്വിറ്ററില്‍ ഇക്കാര്യം സ്ഥിരീകരിച്ചു. താരുഷിയടക്കം കൊല്ലപ്പെട്ടവരെല്ലാം വിദേശികളാണ്. ഇറ്റാലിയന്‍, ജാപ്പനീസ് പൌരന്മാരാണ് ഇവരിലേറെ. സൈനികനടപടിയില്‍ ആറ് ഭീകരരും കൊല്ലപ്പെട്ടു. ഒരാളെ കമാന്‍ഡോകള്‍ ജീവനോടെ പിടികൂടി.

ഇരുപത് വര്‍ഷമായി ബംഗ്ളാദേശില്‍ വസ്ത്രവ്യാപാരം നടത്തുന്ന ന്യൂഡല്‍ഹി സ്വദേശി സഞ്ജീവ് ജയിനിന്റെ മകളായ താരുഷി പഠിച്ചതും വളര്‍ന്നതും ധാക്കയിലാണ്. ഇപ്പോള്‍ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ബെര്‍ക്കിലി കോളേജിലെ ബി എ ഇക്കോണമിക്സ് വിദ്യാര്‍ഥിയാണ്. ഈസ്റ്റേണ്‍ ബാങ്കിന്റെ ഇന്റേണ്‍ഷിപ്പോടെയാണ് പഠനം. ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് താരുഷി കൊല്ലപ്പെട്ട വിവരം കുടംബാംഗങ്ങള്‍ക്ക് ലഭിച്ചത്. താരുഷിയുടെ പിതാവുമായി സംസാരിച്ചുവെന്ന് വിദേശമന്ത്രി സുഷമസ്വരാജ് അറിയിച്ചു.

13465_20160702_1423230.49690000 1467469403_news

ബംഗ്ളാദേശിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിനാണ് ധാക്ക സാക്ഷ്യംവഹിച്ചത്. വെള്ളിയാഴ്ച രാത്രി 9.20നാണ് ധാക്കയിലെ ഗുല്‍ഷാന്‍ നയതന്ത്രമേഖലയിലെ ഹോളി ആര്‍ട്ടിസാന്‍ ബേക്കറി ആക്രമിച്ച ഭീകരര്‍ വിദേശികളെയടക്കം ബന്ദികളാക്കിയത്. മണിക്കൂറുകള്‍നീണ്ട സംഘര്‍ഷത്തിനൊടുവില്‍ പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ നിര്‍ദേശപ്രകാരം സൈന്യം രംഗത്തിറങ്ങി. ശനിയാഴ്ച രാവിലെ ആര്‍മി പാര കമാന്‍ഡോ യൂണിറ്റ്–1 ‘ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട്’ തുടങ്ങി 13 മിനിറ്റിനകം ഭീകരരെ കീഴ്പ്പെടുത്തിയെന്ന് സൈനികവക്താവ് ബ്രിഗേഡിയര്‍ ജനറല്‍ നയീം അഷ്ഫാഖ് ചൌധരി അറിയിച്ചു. എന്നാല്‍, ഇതിനുമുമ്പുതന്നെ 20 ബന്ദികളെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. 20 മൃതദേഹം കണ്ടെത്തിയെന്നും മിക്കവരെയും കഴുത്തുവെട്ടി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ബന്ദികളായ 18 പേരെ റസ്റ്റോറന്റില്‍നിന്ന് രക്ഷപ്പെടുത്തിയെന്ന് ധാക്ക ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ മുഹമ്മദ് ജാഷിം പറഞ്ഞു. ഇന്ത്യ, ശ്രീലങ്ക, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ രക്ഷപ്പെട്ടവരിലുണ്ട്.

വെള്ളിയാഴ്ച രാത്രി ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. നാല്‍പ്പതോളംപേര്‍ക്ക് പരിക്കേറ്റു. ഇതേതുടര്‍ന്ന് കരുതലോടെ നീങ്ങിയ അധികൃതര്‍ ശനിയാഴ്ച രാവിലെ വന്‍ സന്നാഹത്തോടെയാണ് റെയ്ഡ് തുടങ്ങിയത്. വടക്കുകിഴക്കന്‍ സില്‍ഹെത്, നഗരപ്രാന്തത്തിലെ സവര്‍, ധാക്ക കന്റോണ്‍മെന്റുകളില്‍നിന്നാണ് കമാന്‍ഡോകള്‍ എത്തിയത്. മറ്റ് സൈനിക, അര്‍ധസൈനിക, പൊലീസ് വിഭാഗങ്ങളുമായിചേര്‍ന്ന് സംയുക്തമായാണ് റെയ്ഡ് നടത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ നാലോടെ ഓപ്പറേഷനുള്ള പദ്ധതി തയ്യാറായി. തുടര്‍ന്നാണ് റസ്റ്റോറന്റിനുള്ളിലേക്ക് കടന്നത്. റെയ്ഡ് തുടങ്ങി ആദ്യ അരമണിക്കൂറില്‍ ആയിരത്തിലേറെ വെടിയൊച്ചയും നൂറോളം സ്ഫോടനങ്ങളുമുണ്ടായെന്ന് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏല്‍ക്കുന്നതായി തങ്ങളുടെ അമാഖ് വാര്‍ത്താ ഏജന്‍സി വഴി ഇസ്ളാമിക് സ്റ്റേറ്റ് അറിയിച്ചു. റസ്റ്റോറന്റിനുള്ളില്‍ ബന്ദികള്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിരവധി ചിത്രങ്ങളും വെബ്സൈറ്റ് പുറത്തുവിട്ടു. ‘ഐഎസ്ഐഎസ് കമാന്‍ഡോകള്‍’ നടത്തിയ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടതായും അമാഖ് അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here