പാരിസ്: ഫ്രഞ്ച് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൻമാർഷെ നേതാവും മിതവാദിയുമായ ഇമ്മാനുവൽ മാക്രോൺ തെരഞ്ഞെടുക്കപ്പെട്ടു. കുടിയേറ്റ വിരുദ്ധതയും തീവ്ര ദേശീയതയും മുഖമുദ്രയാക്കിയ മരീൻ ലീപെന്നോയെ 65.5 ശതമാനം വോട്ടിനാണ് മക്രോൺ പരാജയപ്പെടുത്തിയത്. ലീപെന്നോക്ക് 34.9 ശതമാനം വോട്ട് ലഭിച്ചു.

1958ൽ ഫ്രഞ്ച് ഭരണഘടന നിലവിൽ വന്നതു മുതൽ സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കൻ പാർട്ടികളാണ് മാറിമാറി രാജ്യം ഭരിച്ചിരുന്നത്. എന്നാൽ, മക്രോണിന്‍റെ വിജയത്തോടെ ഈ കിഴ് വഴക്കത്തിനാണ് അന്ത്യം കുറിച്ചത്. പ്രാദേശിക സമയം എട്ടു മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ 4.7 കോടി പേർ വോട്ട് രേഖപ്പെടുത്തി.

ഫ്രാൻസിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡൻറാണ് 39കാരനായ മാക്രോൺ. നിലവിലെ പ്രസിഡൻറ് ഫ്രാങ്സ്വ ഒാലൻഡിന്‍റെ സോഷ്യലിസ്റ്റ് പാർട്ടി വിട്ടാണ് മാക്രോൺ എൻമാർഷെ രൂപവത്കരിച്ചത്. മുൻ ഇൻവെസ്റ്റ്മെന്‍റ് ബാങ്കർ കൂടിയായ മാക്രോൺ നേരത്തെ ധനകാര്യമന്ത്രിയായിരുന്നു.

പൊതുചെലവ് 6000 കോടി യൂേറായായി കുറക്കാനാണ് മാക്രോൺ ലക്ഷ്യമിടുന്നത്. പൊതുമേഖല തൊഴിലുകൾ പരിഷ്കരിച്ച് തൊഴിലില്ലായ്മ നിരക്ക് ഏഴു ശതമാനമായി കുറക്കാൻ കഴിയുമെന്നാണ് അദ്ദേഹം മുന്നോട്ടുവെക്കുന്ന മറ്റൊരു നിർദേശം.

അതേസമയം, പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച മാക്രോൺ പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കണം. പാർലമെൻറിൽ പാർട്ടിക്ക് ഭൂരിപക്ഷമില്ലെങ്കിൽ പ്രസിഡൻറിന്‍റെ അധികാരം പരിമിതമായിരിക്കും. ജൂണിലാണ് പാർലമെൻറ് തെരഞ്ഞെടുപ്പ്.

577അംഗ പാർലമെൻറിൽ ഭൂരിപക്ഷം തികക്കാൻ 289 വോട്ടുകൾ വേണം. നിലവിൽ മരീന്‍റെ പാർട്ടിക്ക് രണ്ട് എം.പിമാരുണ്ട്.  മാേക്രാണിന്‍റെ പാർട്ടിക്ക് എം.പിമാരില്ല. അതിനാൽ മറ്റ് പാർട്ടികളുടെ സഹായം കൂടിയേ തീരൂ.

LEAVE A REPLY

Please enter your comment!
Please enter your name here